കണ്ണൂർ: സ്വർണക്കടത്ത് കേസിലടക്കം പ്രതിയായ അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരേ അന്വേഷണം നടക്കുന്നുണ്ടെന്നും അറിഞ്ഞുകൊണ്ട് ആരെങ്കിലും സഹായം നൽകിയെന്നു തെളിഞ്ഞാൽ അവർക്കെതിരേ നടപടിയുണ്ടാകുമെന്നും കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക്.
അർജുന് താമസസൗകര്യം, സാന്പത്തിക സഹായം, യാത്രാ സൗകര്യം എന്നിവ ഒരുക്കി നൽകിയവരെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കവെ ഡിഐജി പറഞ്ഞു.
അർജുൻ ആയങ്കി ഒരു സിസ്റ്റത്തെത്തന്നെ വെല്ലുവിളിക്കുകയാണു ചെയ്തത്. ഇത് സമൂഹത്തിനു നല്ല സന്ദേശമല്ല നൽകുന്നത്. നിലവിൽ ആയങ്കിക്കെതിരേ ഒന്നിലധികം കേസുകളുണ്ട്. നിലവിലുള്ള കേസുകളിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ അതുൾപ്പെടെ പരിശോധിക്കും.
നിലവിലുള്ള കേസുകളിൽ വേഗത്തിൽ നിയമ നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ നടപടി പോലീസ് സ്വീകരിക്കും. അർജുൻ ആയങ്കിയെ പിടികൂടുന്നതിന് കണ്ണൂർ ജില്ലയിലെ പോലീസ് മാത്രമല്ല, സംസ്ഥാനത്ത് ആകെയുള്ള പോലീസ് സേനാംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ആയങ്കിയെ പിടികൂടുന്നതിന് നേതൃത്വം നൽകിയ എല്ലാ സേനാംഗങ്ങളെയും കണ്ണൂർ റേഞ്ച് ഡിഐജി എന്ന നിലയിൽ അഭിനന്ദിക്കുന്നു.
ഇക്കാര്യത്തിൽ കണ്ണൂർ ജില്ലയിലെ പോലീസ് സേന ഒറ്റക്കെട്ടായി പ്രവർത്തിച്ചു. അവരെ പ്രത്യേകം അഭിനന്ദിക്കുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ഡിജിപി, എഡിജിപി എന്നിവർ ആയങ്കിയെ പിടികൂടിയ കണ്ണൂർ ജില്ലയിലെ മുഴുവൻ സേനാംഗങ്ങളെയും അഭിനന്ദിച്ചതായും ഡിഐജി അറിയിച്ചു.
പ്രതികളെ പിടികൂടുന്നതിനു നിരവധി പൊതുജനങ്ങളിൽനിന്നു വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. അവരെയും ഈ സമയത്ത് അഭിനന്ദിക്കുന്നു.
അർജുൻ ആയങ്കിയുടെ അറസ്റ്റോടെ ഗുണ്ടകൾക്കെതിരേയുള്ള നടപടി അവസാനിക്കുന്നില്ലെന്നും ഓപ്പറേഷൻ ഗ്രിപ്പ് സംസ്ഥാന വ്യാപകമായി തുടരുമെന്നും ഡിഐജി പറഞ്ഞു.