ലക്നോ: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയ്ക്കിടെ മുഴങ്ങിയ അത്യുച്ചത്തിലുള്ള ഡിജെ പാട്ടുകേട്ട് 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ നടന്ന സംഭവത്തിൽ പൊലിസ് കേസെടുത്തു. കുഞ്ഞ് കരയുന്നതും ഉറങ്ങാൻ കഴിയാത്തതും ചൂണ്ടിക്കാട്ടി ഡിജെയുടെ ശബ്ദം കുറയ്ക്കാനും വാഹനം മാറ്റാനും കുടുംബം പലതവണ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ തയാറായില്ലെന്നാണ് ആരോപണം.
സംഭവത്തിൽ ഡിജെ ഓപ്പറേറ്ററെ പൊലിസ് കസ്റ്റഡിയിലെടുത്തു. ബല്ലിയ ജില്ലയിലെ മണിയാർ സ്റ്റേഷൻ പരിധിയിലെ മുഡിയാരി ഗ്രാമത്തിലാണ് സംഭവം. വിഗ്രഹ നിമജ്ജന ഘോഷയാത്രയുടെ ഭാഗമായി ഡിജെ സംവിധാനം ഘടിപ്പിച്ച വാഹനം കുഞ്ഞിന്റെ വീടിന് സമീപം നിർത്തി ഉച്ചത്തിൽ പാട്ടുകൾ പ്ലേ ചെയ്യുകയായിരുന്നു. ഈ സമയം അമ്മയോടൊപ്പം വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുഞ്ഞ്.
അതിശക്തമായ ശബ്ദം കേട്ട് കുഞ്ഞ് കരയാൻ തുടങ്ങിയതോടെ വാഹനം മാറ്റണമെന്നും ശബ്ദം കുറയ്ക്കണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ വീട്ടുകാരുടെ ആവശ്യം അംഗീകരിക്കാൻ തയാറാകാതെ സംഘാടകർ പൂർവാധികം ശക്തിയിൽ പാട്ടുകൾ പ്ലേ ചെയ്യുകയായിരുന്നു. തുടർന്ന് കുഞ്ഞ് ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.