ന്യൂഡൽഹി: വിജയം കൈവരിച്ചവരും ഉന്നത പദവികളിൽ ഇരിക്കുന്നതുമായ സ്ത്രീകളെ തളർത്താൻ അവരുടെ സ്വഭാവഹത്യ നടത്തുന്നത് പഴയൊരു തന്ത്രമാണെന്ന് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. തമിഴ്നാട് രാഷ്ട്രീയത്തിൽ തൃഷ കൃഷ്ണനെയും ഉദയനിധി സ്റ്റാലിനെയും ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കങ്കണയുടെ പ്രതികരണം. കുല്ലുവിൽ ജില്ലാ വികസന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
"തമിഴ്നാട്ടിൽ നമ്മൾ കണ്ടതാണ്, പ്രശസ്തയായ ഒരു നടി വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ അപമാനിക്കപ്പെട്ടു. ഒരു ബന്ധത്തിൽ ഇരുഭാഗത്തുള്ളവരും ഉൾപ്പെടുന്നുണ്ടെങ്കിലും, അധിക്ഷേപങ്ങൾക്കും സ്വഭാവഹത്യയ്ക്കും ഇരയാകുന്നത് എപ്പോഴും സ്ത്രീകൾ മാത്രമാണ്," കങ്കണ പറഞ്ഞു. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും നടക്കുന്ന കാര്യമാണെന്നും സമൂഹത്തിൽ സ്ത്രീകൾക്ക് അർഹമായ ബഹുമാനം ലഭിക്കുന്നുണ്ടോ എന്ന് നമ്മൾ ആത്മപരിശോധന നടത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
കാവേരി പ്രതിഷേധത്തിനിടെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.