ബ്രസൽസ്: പതിറ്റാണ്ടുകൾ നീണ്ട ആകാംക്ഷകൾക്കും ഊഹാപോഹങ്ങൾക്കും വിരാമം. കാർ ഷോറൂമിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന 26കാരനായ ക്ലമന്റ് വാൻഡെൻകെർക്കോവിന് ഇനി രാജകീയ പദവി. ബൽജിയത്തിലെ ലോറന്റ് രാജകുമാരൻ ക്ലമന്റിനെ തന്റെ മൂത്ത മകനായി നിയമപരമായി അംഗീകരിച്ചു.
ലോറന്റിന് ബൽജിയൻ ഗായികയും മോഡലുമായ വെൻഡി വാൻ വാന്റനുമായുള്ള (ഐറിസ് വാണ്ടൻകെർക്കോവ്) ബന്ധത്തിൽ 2000 ഓഗസ്റ്റിലാണ് ക്ലമന്റ് ജനിക്കുന്നത്. മകനെ അദ്ദേഹമോ രാജകുടുംബമോ അംഗീകരിച്ചിരുന്നില്ല. തുടർന്ന് വെൻഡി ഏറെ കഷ്ടപ്പെട്ടാണു മകനെ വളർത്തിയത്. ഉന്നതവിദ്യാഭ്യാസത്തിനു മകനെ വിട്ടതുമില്ല. ഇതോടെ കാർ ഷോറൂമിൽ ജോലിചെയ്താണു ക്ലമന്റ് ജീവിച്ചത്.
നിലവിലെ ബൽജിയം രാജാവ് ഫിലിപ്പിന്റെ ഇളയ സഹോദരനാണ് ലോറന്റെ രാജകുമാരൻ. 2003ൽ ക്ലെയർ രാജകുമാരിയുമായുള്ള വിവാഹത്തിൽ ലോറന്റിന് ലൂയിസ് രാജകുമാരി, നിക്കോളാസ്, അയ്മെറിക് എന്നീ മൂന്നു മക്കളുണ്ട്.
മകനായി അംഗീകരിച്ചതോടെ മൂത്തമകനെന്ന പദവിയാണ് ക്ലമന്റിനു ലഭിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സിവിൽ രജിസ്ട്രാർക്കുമുന്നിൽ ഹാജരായി ലോറന്റ് രാജകുമാരൻ പിതൃത്വം ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുകയായിരുന്നു.
തനിക്കു 16 വയസുള്ളപ്പോഴാണ് രാജകീയ വംശപരമ്പരയെക്കുറിച്ച് അമ്മയിൽനിന്ന് ക്ലമന്റ് അറിയുന്നത്. തുടർന്ന് 20-ാം വയസിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ 99.5% ജനിതക പൊരുത്തത്തോടെ പിതൃത്വം സ്ഥിരീകരിക്കപ്പെട്ടു.
പദവിയുണ്ട്, പക്ഷേസിംഹാസനമില്ല
നിയമപരമായി രാജകുമാരൻ എന്ന പദവിയും പിതാവിന്റെ സ്വകാര്യ സ്വത്തിൽ അവകാശവും ലഭിച്ചെങ്കിലും ക്ലമന്റിന് രാജസിംഹാസനത്തിനായുള്ള അവകാശമോ ഔദ്യോഗിക രാജകീയ ചുമതലകളോ പൊതുഫണ്ടിൽനിന്നുള്ള ആനുകൂല്യങ്ങളോ ലഭിക്കില്ല.
രാജകുടുംബത്തിന്റെ 'സാക്സെ-കോബർഗ്' എന്ന സർനെയിമിലേക്കു മാറാൻ താത്പര്യമില്ലെന്ന് ക്ലമന്റ്വ്യക്തമാക്കി. "എന്നെ വളർത്താൻ അമ്മ അനുഭവിച്ച സഹനങ്ങളോട് ചെയ്യുന്ന വഞ്ചനയാകും അത്. അതിനാൽ അമ്മയുടെ കുടുംബപ്പേരായ 'വാൻഡെൻകെർക്കോവ്' തന്നെ തുടരും," -ക്ലമന്റ് മാധ്യമങ്ങളോട് പറഞ്ഞു.
മുൻ ബൽജിയം ഭരണാധികാരി ആൽബർട്ട് രണ്ടാമൻ രാജാവിനും സമാനമായി വിവാഹേതര ബന്ധത്തിൽ ജനിച്ച മകളെ (ഡെൽഫിൻ ബോയൽ) നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2020ൽ അംഗീകരിക്കേണ്ടി വന്നിരുന്നു.