കൊച്ചി: കൊച്ചി കോർപറേഷൻ കൗൺസിലർമാരിൽനിന്ന് ജില്ലാ ആസൂത്രണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒരു വോട്ട് നഷ്ടപ്പെട്ടു. ഒരു സ്വതന്ത്രൻ അടക്കം 47 അംഗങ്ങളുടെ പിൻബലമാണ് യുഡിഎഫിന് കൗൺസിലിൽ ഉള്ളത്.
സ്ത്രീ സംവരണ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കരുവേലിപ്പടി കൗൺസിലർ കവിത ഹരികുമാറിന് 46 വോട്ടുകളാണ് ലഭിച്ചത്. കൗൺസിലർമാരിൽ ഒരാൾ കവിതയുടെ പേരിന് നേരെ പൂജ്യം എന്ന് എഴുതിയതാണ് വോട്ട് അസാധുവാകാൻ കാരണം. അതേസമയം ജനറൽ വിഭാഗത്തിൽ മത്സരിച്ച യുഡിഎഫിലെ ഇടപ്പള്ളി കൗൺസിലർ അബുദുൾ ലത്തീഫ് യുഡിഎഫിൽ നിന്ന് മുഴുവൻ വോട്ടും (47) ലഭിച്ചു.
ഇന്നലെ കൗൺസിൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് എളമക്കര നോർത്ത് കൗൺസിലർ ബീന മഹേഷും ബിജെപിയിൽനിന്ന് ചെറളായി കൗൺസിലർ പ്രവിത വിജയകുമാറുമായിരുന്നു സംവരണ സീറ്റിനായി കവിത ഹരികുമാറിനെതിരെ മത്സരിച്ചത്. ജനറൽ വിഭാഗത്തിൽ കോണം കൗൺസിലർ സി.ആർ. ബിജു (എൽഡിഎഫ്), പനയപ്പിള്ളി കൗൺസിലർ അശ്വതി ഗിരീഷ് (ബിജെപി) എന്നിവരും മത്സരിച്ചു.
ഇരു വിഭാഗത്തിലും എൽഡിഎഫ് സ്ഥാനാർഥികൾക്ക് 21 വോട്ടും ബിജെപി സ്ഥാനാർഥികൾക്ക് ആറ് വോട്ടും ലഭിച്ചു. കളക്ടർ ജി. പ്രിയങ്കയായിരുന്നു വരണാധികാരി.