ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍നിന്നുള്ള 362 മെട്രിക് ടണ്‍ ഈന്തപ്പഴം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കണ്ടെയ്നര്‍ സ്റ്റേഷനായ സിഎഫ്എസ് അംബാദില്നിന്നായിരുന്നു ‘ഓപ്പറേഷന് ഡീപ് മാനിഫെസ്റ്റി’ന്റെ ഭാഗമായി ഈന്തപ്പഴ കണ്ടെയ്നറുകള്‍ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മുംബൈ ആസ്ഥാനമായുള്ള കമ്പനി ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ച 13 ഈന്തപ്പഴ കണ്ടെയ്നറുകളാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. യുഎഇയിലെ ജബല്‍ അലിയില്നിന്നുള്ള ഈന്തപ്പഴ കണ്ടെയ്നറുകളാണ് എന്നു രേഖപ്പെടുത്തിയ ഇറക്കുമതി രേഖകളോടെയാണ് ഈ ചരക്കുകള്‍ എത്തിയതെന്ന് ഡിആര്‍ഐ പറയുന്നു.
പാക്കിസ്ഥാനില്‍നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം മറികടക്കാനാണ് ഈ കള്ളക്കടത്ത്.
ഉത്പന്നങ്ങളുടെ കയറ്റുമതി പാക്കിസ്ഥാനിൽനിന്നാണെന്ന കാര്യം മറച്ചുവച്ച് രേഖകളില്‍ കൃത്രിമം കാണിച്ചത് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പാക്കിസ്ഥാനിലെ കറാച്ചി തുറമുഖത്തുനിന്ന് ഈ കണ്ടെയ്നറുകള്‍ കപ്പല്‍മാര്‍ഗം ആദ്യം യുഎഇയിലെ ജബല്‍ അലി തുറമുഖത്തേക്ക് എത്തിച്ചു.
തുടര്‍ന്ന് ജബല്‍ അലിയില്‍ വച്ച് പാക് പൗരന്മാര് നടത്തുന്ന സ്ഥാപനങ്ങള്‍ വഴി ഇന്ത്യയിലേക്കുള്ള മറ്റൊരു കപ്പലിലെ കണ്ടെയ്നറുകളിലേക്ക് ചരക്ക് മാറ്റിക്കയറ്റി അയയ്ക്കുകയായിരുന്നു.