ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിനെതിരേ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി സഞ്ജയ് കിഷൻ കൗൾ. ജഡ്ജി നിയമനങ്ങളിൽ ചന്ദ്രചൂഡ് സർക്കാരിനോട് അമിതവിധേയത്വം കാണിച്ചിരുന്നുവെന്നും കൊളീജിയം യോഗം ചേരുംമുൻപേ സർക്കാരിന്റെ അനുമതി തേടിയെന്നുമാണ് ജസ്റ്റീസ് സഞ്ജയ് കിഷൻ കൗളിന്റെ വെളിപ്പെടുത്തൽ.
ഈ മാസം അവസാനം പുറത്തിറങ്ങുന്ന തന്റെ ഓർമക്കുറിപ്പായ "വിത്തൗട്ട് ഫിയർ ഓർ ഫേവർ' എന്ന തന്റെ ഓർമക്കുറിപ്പിലും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലുമാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.
ജഡ്ജിമാരുടെ നിയമന കാര്യത്തിൽ 'നട്ടെല്ലുള്ള ജഡ്ജിമാരെ സർക്കാർ കൂടുതൽ ബഹുമാനിക്കുന്നു' എന്ന് ജസ്റ്റിസ് കൗൾ പുസ്തകത്തിൽ പരാമർശിക്കുന്നു. ഭരണകൂടത്തിന്റെ നിലപാടുകളെ പ്രതിരോധിക്കുന്ന പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കലല്ല കോടതിയുടെ പണിയെന്നും, എന്നാൽ ഭരണകൂടത്തിന്റെ വഴിവിട്ട നീക്കങ്ങൾക്ക് തടയിടുന്ന ചെക്ക് ആൻഡ് ബാലൻസ് ആയി നിലകൊള്ളണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 ഡിസംബറിൽ വിരമിച്ച സഞ്ജയ് കിഷൻ കൗൾ, 14 മാസത്തോളം കൊളീജിയത്തിൽ ചീഫ് ജസ്റ്റീസിന് തൊട്ടുതാഴെയുള്ള ഏറ്റവും മുതിർന്ന ജഡ്ജിയായിരുന്നു. സർക്കാരിനോട് ചീഫ് ജസ്റ്റീസിനുള്ള അമിത വിധേയത്വ നിലപാടുകളിൽ പ്രതിഷേധിച്ച് താൻ ഒരിക്കൽ കൊളീജിയം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ടെന്നും അദ്ദേഹം പുസ്തകത്തിൽ വെളിപ്പെടുത്തി.
ആറ് ഒഴിവുകളിലേക്ക് നടന്ന ഒരു കൊളീജിയം യോഗത്തിൽ, മുൻകൂട്ടി ധാരണയായ അഞ്ച് പേരുകൾക്ക് പുറമേ യോഗ ദിവസം ചീഫ് ജസ്റ്റീസ് ആറാമതൊരു പേര് നിർദേശിച്ചു. സർക്കാരിന്റെ നിർദേശപ്രകാരമാണെന്ന് സംശയിച്ച മറ്റ് ജഡ്ജിമാർ ഇതിനെ എതിർത്തെന്നും സർക്കാരിന്റെ നിലപാടറിയാൻ യോഗത്തിനിടെ ഫോൺ വിളിക്കാൻ തുനിഞ്ഞ ചീഫ് ജസ്റ്റീസിനെ താൻ തടഞ്ഞുവെന്നും പുസ്തകത്തിലുണ്ട്.
എന്നാൽ, താൻ പുസ്തകം വായിച്ചിട്ടില്ലാത്തതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്നാണ് ചന്ദ്രചൂഡിന്റെ പ്രതികരണം. കൊളീജിയം യോഗങ്ങൾ വളരെ സൗഹാർദപരമായിരുന്നുവെന്നും, ജസ്റ്റീസ് കൗൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം തനിക്ക് ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു.