കണ്ണൂർ: ജനങ്ങൾ പവർകട്ട് ദുരിതമനുഭവിക്കേണ്ടി വരുന്നത് കോൺഗ്രസിന്റെ പിടിപ്പുകേടും വൈദ്യുതി മന്ത്രിയുടെ കഴിവുകേടും മുഖ്യമന്ത്രിയുടെ ഇച്ഛാശക്തികുറവും കൊണ്ടാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎ. പവർകട്ടിനെതിരെ കണ്ണൂർ വൈദ്യുത ഭവനിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോഡ് ഷെഡിംഗിന് കാരണമായി പറയുന്നത് മഴക്കുറവാണ്.
ഇതിനെക്കാൾ വലിയ മഴക്കുറവ് കഴിഞ്ഞ പത്തുവർഷക്കാലമുണ്ടായിരുന്നുവെന്നും അന്ന് എൽഡിഎഫ് ഭരണകൂടം പ്രതിസന്ധിയെ എങ്ങനെയാണ് വിജയകരമായി തരണം ചെയ്തതെന്ന് പഠിക്കാൻ കോൺഗ്രസ് തയാറാകണമെന്നും എംഎൽഎ പറഞ്ഞു. യൂത്ത് സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ചിലുടനീളം പ്രവർത്തകർ ഓലച്ചൂട്ട് ഉയർത്തിപ്പിടിച്ചു പ്രതിഷേധിച്ചു. തുടർന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പോസ്റ്ററിനു മുന്പിൽ മെഴുകുതിരി കത്തിക്കുകയും ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ. അനുശ്രീ, ജില്ലാ വൈസ് പ്രസിഡന്റ് എ.പി. അൻവീർ, അഖിൽ എന്നിവർ പ്രസംഗിച്ചു.