കൊച്ചി: ഭരണം മാറുമെന്ന് ഉറപ്പായപ്പോൾ പാൽ വില കൂട്ടാൻ മിൽമ ഫെഡറേഷന്റെ സഹായം ഇനി ആവശ്യമില്ലെന്നും വരുന്ന യുഡിഎഫ് സർക്കാരിനെക്കൊണ്ട് പാൽവില വർധിപ്പിക്കാൻ അറിയാമെന്നും കേരള ക്ഷീരകർഷക കോൺഗ്രസ്.
കേരളത്തിലെ 15 ലക്ഷത്തിലധികം വരുന്ന ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നും സംസ്ഥാന പ്രസിഡന്റ് കെ.സി. രാജൻ പറഞ്ഞു.
കാലിത്തീറ്റയുടെ വൻ വിലവർധനവും ഉത്പാദന ചെലവിനനുസരിച്ചു പാൽവില ലഭിക്കാത്തതും ക്ഷീരകർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. കടുത്ത വേനലായതോടെ പാലുത്പാദനവും കുറഞ്ഞു.
കഴിഞ്ഞ ഒന്നര വർഷക്കാലമായി ചെറുകിട ക്ഷീര കർഷകരും ഫാം നടത്തുന്നവരും ക്ഷീരമേഖലയിൽ പിടിച്ചുനിൽക്കാൻ പാൽവില കൂട്ടാൻ മുറവിളി കൂട്ടുന്നു. അധികാരികൾ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കേരള ക്ഷീരകർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വടക്കേവിള ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയൻ, ഭാരവാഹികളായ എസ്. അയ്യപ്പൻ നായർ, ജോയ് പ്രസാദ്, ഡോ. പി.കെ. വേണു, വി. വേണുഗോപാലക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.