Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dalit

മ​തേ​ത​ര രാ​ഷ്‌​ട്ര​ത്തി​ലെ മ​ത​സം​വ​ര​ണ​ങ്ങ​ൾ

ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്ക് രാ​ഷ്‌​ട്രീ​യ അ​നീ​തി​യു​ടെ ഒ​രു ചാ​ട്ട​വാ​റ​ടി​കൂ​ടി ഏ​റ്റി​രി​ക്കു​ന്നു. ക്രൈ​സ്ത​വ​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​വ​രെ പ​ട്ടി​ക​ജാ​തി (എ​സ്‌​സി) വി​ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ശ​രി​വ​ച്ചി​രി​ക്കു​ന്നു. ഇ​ഷ്ട​മു​ള്ള മ​തം സ്വീ​ക​രി​ച്ച ‘കു​റ്റ’​ത്തി​നാ​ണ് ഈ ​വി​ധി​യെ​ങ്കി​ൽ ഇ​ന്ത്യ​യി​ലെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ മ​തേ​ത​ര​ത്വ​ത്തി​ന്‍റെ വേ​ഷ​ഭൂ​ഷാ​ദി​ക​ളൊ​ക്കെ​യും അ​ഴി​ച്ചു​വ​യ്ക്കു​ക. കാ​ര​ണം, ഇ​ട​തു-​വ​ല​ത്- കോ​ൺ​ഗ്ര​സ്-​ബി​ജെ​പി ഭേ​ദ​മി​ല്ല; ഹി​ന്ദു, സി​ഖ്, ബു​ദ്ധ ദ​ളി​ത​ർ​ക്കൊ​പ്പം ദ​ളി​ത് ക്രൈ​സ്ത​വ​രെ നി​ങ്ങ​ൾ നീ​തി​യു​ടെ പ​ന്തി​യി​ൽ ഒ​ന്നി​ച്ചി​രു​ത്തി​യി​ല്ല. അ​ങ്ങ​നെ ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം ഭ്ര​ഷ്‌​ട് ക​ൽ​പ്പി​ച്ച​വ​രാ​ണ് കോ​ട​തി​യി​ലും തി​രി​ച്ച​ടി നേ​രി​ടു​ന്ന​ത്.

ക്രി​സ്തു​മ​ത​ത്തി​ൽ ജാ​തി​വ്യ​വ​സ്ഥ​യി​ല്ലെ​ന്ന സാ​ങ്കേ​തി​ക​ത്വം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ്ഥാ​പി​ത നി​യ​മ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ധി. അ​പ്പോ​ൾ ലോ​ക​ച​രി​ത്ര​ത്തി​ലെ ത​ന്നെ ദേ​ശാ​പ​മാ​ന​മാ​യ, ചാ​തു​ർ​വ​ർ​ണ്യ​ത്തേ​ക്കാ​ൾ ഹീ​ന​മാ​യ അ​സ്പൃ​ശ്യ​ത മ​റ്റെ​ല്ലാ മ​ത​ങ്ങ​ളും ‘അ​ഭി​മാ​ന​പൂ​ർ​വം’​നി​ല​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണോ‍? ജാ​തി വ്യ​വ​സ്ഥ​യും അ​സ്പൃ​ശ്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി​വ​രൂ, പ​ട്ടി​ക​ജാ​തി പ​ദ​വി അ​വ​കാ​ശ​മാ​ക്കൂ എ​ന്നാ​ണോ? 21-ാം നൂ​റ്റാ​ണ്ടി​ന്‍റെ ര​ണ്ടാം പാ​ദാ​രം​ഭ​ത്തി​ൽ നി​ന്നു​കൊ​ണ്ടാ​ണ് അ​ക്കി​ത്ത​ത്തി​ന്‍റെ “വെ​ളി​ച്ചം ദുഃ​ഖ​മാ​ണു​ണ്ണീ ത​മ​സ​ല്ലോ സു​ഖ​പ്ര​ദം’’ എ​ന്ന വ​രി​ക​ൾ ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം ആ​ത്മാ​വ​റി​യാ​തെ പാ​ടു​ന്ന​ത്. ഇ​ത് അ​നീ​തി​യു​ടെ ന​വ​ഭാ​ര​ത​മാ​ണ്.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ്യ​ക്തി ഹി​ന്ദു, സി​ഖ്, ബു​ദ്ധ ഒ​ഴി​കെ മ​റ്റേ​തെ​ങ്കി​ലും മ​തം സ്വീ​ക​രി​ച്ചാ​ൽ അ​യാ​ളു​ടെ പ​ട്ടി​ക​ജാ​തി പ​ദ​വി ന​ഷ്‌​ട​പ്പെ​ടു​മെ​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി വി​ധി​യാ​ണ് സു​പ്രീം​കോ​ട​തി ജ​സ്റ്റീ​സു​മാ​രാ​യ പി.​കെ. മി​ശ്ര, മ​ൻ​മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ശ​രി​വ​ച്ച​ത്. 1950ലെ ​ഭ​ര​ണ​ഘ​ട​നാ (പ​ട്ടി​ക​ജാ​തി) ഉ​ത്ത​ര​വി​ലെ ക്ലോ​സ് മൂ​ന്നി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലാ​ത്ത മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​ത്, ജ​ന​നം പ​രി​ഗ​ണി​ക്കാ​തെ പ​ട്ടി​ക​ജാ​തി പ​ദ​വി ന​ഷ്ട​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കും. അ​ത​നു​സ​രി​ച്ച്, ഹി​ന്ദു​മ​ത​ത്തി​നു മാ​ത്ര​മാ​യി പ​ട്ടി​ക​ജാ​തി അ​വ​കാ​ശം ചു​രു​ങ്ങി.

പി​ന്നീ​ട് 1956ൽ ​സി​ഖ് മ​ത​ത്തി​നും 1990ൽ ​ബു​ദ്ധ​മ​ത​ത്തി​നും പ​ട്ടി​ക​ജാ​തി അ​വ​കാ​ശം ഓ​ർ​ഡി​ന​ൻ​സ് ഭേ​ദ​ഗ​തി​യി​ലൂ​ടെ ന​ൽ​കി. പ​ക്ഷേ, ക്രി​സ്ത്യ​ൻ, ഇ​സ്‌​ലാം മ​ത​ങ്ങ​ളി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്ത ദ​ളി​ത​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ കാ​ര്യ​ത്തി​ൽ പ​ല ക​മ്മീ​ഷ​നു​ക​ളും അ​നു​കൂ​ല റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ങ്കി​ലും പു​തി​യ ക​മ്മീ​ഷ​നു​ക​ളെ നി​യ​മി​ച്ചു​കൊ​ണ്ട് അ​തെ​ല്ലാം സ​വ​ർ​ണ-​വ​ർ​ഗീ​യ രാ​ഷ്‌​ട്രീ​യം കൃ​ത്യ​മാ​യി അ​ട്ടി​മ​റി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. 1955ലെ ​കാ​ക്ക ക​ലേ​ക്ക​ര്‍ ക​മ്മീ​ഷ​നും 2004ലെ ​രം​ഗ​നാ​ഥ​മി​ശ്ര ക​മ്മീ​ഷ​നും അ​ട​ക്കം പ​ല സ​മി​തി​ക​ളും വ​രെ ദ​ളി​ത് ക്രൈ​സ്ത​വ​രെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ലു​ള്‍​പ്പെ​ടു​ത്തി സം​വ​ര​ണം ഉ​റ​പ്പാ​ക്ക​ണം എ​ന്ന നി​ര്‍​ദേ​ശ​മാ​ണ് മു​ന്നോ​ട്ടു വ​ച്ച​ത്.

2004 മു​ത​ല്‍ സു​പ്രീം​കോ​ട​തി​യി​ലു​ള്ള കേ​സും രം​ഗ​നാ​ഥ​മി​ശ്ര ക​മ്മീ​ഷ​ന്‍റെ ശി​പാ​ര്‍​ശ​ക​ള്‍ ന​ട​പ്പാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്. സം​ഘ​പ​രി​വാ​റി​നും ബി​ജെ​പി​ക്കും സ്വീ​കാ​ര്യ​മ​ല്ല. ഇ​പ്പോ​ൾ നി​ല​വി​ൽ ജ​സ്റ്റീ​സ് കെ.​ജി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യ ക​മ്മീ​ഷ​നെ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കു സം​വ​ര​ണം കൊ​ടു​ക്ക​രു​തെ​ന്നു പ​റ​യു​വോ​ളം ക​മ്മീ​ഷ​നെ മാ​റ്റി​പ്പ​രീ​ക്ഷി​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​ത്. ഹി​ന്ദു​മ​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യാ​ൽ പ​ട്ടി​ക​ജാ​തി സം​വ​ര​ണം ല​ഭി​ക്കു​മെ​ന്ന ‘ഘ​ർ​വാ​പ്പ​സി’ പ്ര​ത്യ​യ​ശാ​സ്ത്രം മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ​യെ ഉ​ന്നം വ​യ്ക്കു​ന്ന​താ​ണ്. എ​ന്നി​ട്ടു​പോ​ലും മ​തേ​ത​ര രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഇ​തു ക്രി​സ്ത്യാ​നി​ക​ളു​ടെ മാ​ത്രം കാ​ര്യ​മ​ല്ലെ​ന്നു മ​ന​സി​ലാ​യി​ട്ടി​ല്ല; അ​ല്ലെ​ങ്കി​ൽ സ​വ​ർ​ണ-​വ​ർ​ഗീ​യ കാ​ര​ണ​ങ്ങ​ളാ​ൽ മ​ന​സി​ലാ​യി​ല്ലെ​ന്നു ന​ടി​ക്കു​ന്നു.

ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന ദ​ളി​ത് ക്രൈ​സ്ത​വ​രെ ഒ​ഴി​വാ​ക്കി​യോ? ഒ​രി​ക്ക​ലു​മി​ല്ല. 1950 ജ​നു​വ​രി 26ന് ​പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന ഭ​ര​ണ​ഘ​ട​ന എ​ല്ലാ ദ​ളി​ത​ർ​ക്കും ഉ​റ​പ്പാ​ക്കി​യ സം​വ​ര​ണം അ​തേ വ​ർ​ഷം​ത​ന്നെ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡോ. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ് ഓ​ഗ​സ്റ്റ് 10ന് ​ഹി​ന്ദു​ക്ക​ളാ​യ ദ​ളി​ത​രെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ ഭേ​ദ​ഗ​തി ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചു. പ​ക്ഷേ, സി​ഖ് മ​ത​ത്തി​ലെ ദ​ളി​ത​രെ 1956ലും ​ബു​ദ്ധ​മ​ത​ത്തി​ലു​ള്ള​വ​രെ 1990ലും ​ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് 341-ാം അ​നു​ച്ഛേ​ദം അ​നു​സ​രി​ച്ച് രാ​ഷ്‌​ട്ര​പ​തി​മാ​ർ പ​ട്ടി​ക​ജാ​തി ഓ​ര്‍​ഡി​ന​ന്‍​സ് ഭേ​ദ​ഗ​തി ചെ​യ്തു. 1996ൽ ​ദ​ളി​ത് ക്രൈ​സ്ത​വ​ര്‍​ക്കു പ​ട്ടി​ക​ജാ​തി പ​ദ​വി ന​ല്‍​കാ​ന്‍ ന​ര​സിം​ഹ​റാ​വു പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കേ നി​യ​മ​നി​ര്‍​മാ​ണ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ ശി​വ​രാ​ജ് പാ​ട്ടീ​ല്‍ ത​ട​സ​വാ​ദ​മു​ന്ന​യി​ച്ചു. ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കാ​ന്‍ അ​ന്ന​ത്തെ രാ​ഷ്‌​ട്ര​പ​തി ശ​ങ്ക​ര്‍​ദ​യാ​ല്‍ ശ​ര്‍​മ​യും സ​മ്മ​തി​ച്ചി​ല്ല.

ഇ​നി​യി​തു സാ​ധ്യ​മാ​ണോ? ഭ​ര​ണ​ഘ​ട​ന​യു​ടെ 232(2) വ​കു​പ്പു പ്ര​കാ​രം ദ​ളി​ത് ക്രൈ​സ്ത​വ​രെ പ​ട്ടി​ക​ജാ​തി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പാ​ര്‍​ല​മെ​ന്‍റി​ന് അ​ധി​കാ​ര​മു​ണ്ട്. പ​ക്ഷേ, മ​ഹാ​ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ അ​തു ചെ​യ്തി​ല്ല. ഇ​പ്പോ​ഴ​ത്തെ ബി​ജെ​പി സ​ർ​ക്കാ​ർ അ​തു ചെ​യ്തു​ത​രു​മോ​യെ​ന്ന് ആ​രും ചോ​ദി​ക്കു​ന്നു​പോ​ലു​മി​ല്ല. മ​റ്റൊ​രു വി​ഷ​യം​കൂ​ടി പ​റ​യാ​തെ വ​യ്യ. അ​ത്, ഉ​ത്ത​രേ​ന്ത്യ​യി​ലെ ഘ​ർ​വാ​പ്പ​സി​യും അ​തി​നു വ​ഴ​ങ്ങു​ന്നി​ല്ലെ​ങ്കി​ൽ ദ​ളി​ത് ക്രൈ​സ്ത​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ആ​ക്ര​മി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ലു​മാ​ണ്. ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ച് പാ​സ്റ്റ​റാ​യി സേ​വ​നം ചെ​യ്തി​രു​ന്ന ചി​ന്ത​ട ആ​ന​ന്ദ് എ​ന്ന വ്യ​ക്തി​യു​ടെ പ​രാ​തി​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ത്തെ കേ​സി​ന് അ​ടി​സ്ഥാ​നം.

ഞാ​യ​റാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കി​ടെ ത​ന്നെ മ​ർ​ദി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ​സ്‌​സി/​എ​സ്ടി നി​യ​മ​പ്ര​കാ​രം ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ന്നാ​ൽ, പ​രാ​തി​ക്കാ​ര​ൻ ക്രി​സ്തു​മ​ത​ത്തി​ലേ​ക്കു മാ​റി​യ​തി​നാ​ൽ എ​സ്‌​സി /എ​സ്ടി നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ഫ്ഐ​ആ​ർ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന എ​തി​ർ​വാ​ദം ആ​ന്ധ്ര ഹൈ​ക്കോ​ട​തി​യും ഇ​പ്പോ​ൾ സു​പ്രീം​കോ​ട​തി​യും അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു. അ​താ​യ​ത്, ഉ​ത്ത​രേ​ന്ത്യ​യി​ൽ സം​ഘ​പ​രി​വാ​റി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​കു​ന്ന ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കും. ഘ​ർ​വാ​പ്പ​സി ഏ​ക​പ​രി​ഹാ​ര​മാ​കും. പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മ​ഭേ​ദ​ഗ​തി​യോ രാ​ഷ്‌​ട്ര​പ​തി​യു​ടെ ഓ​ർ​ഡി​ന​ൻ​സോ ഉ​ണ്ടാ​കു​വോ​ളം മ​റി​ച്ചൊ​രു വി​ധി കോ​ട​തി​യി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കാ​നി​ല്ല.

ക്രി​സ്തു​മ​ത​ത്തി​ൽ ജാ​തി​യി​ല്ലെ​ന്ന വാ​ദം താ​ത്വി​ക​മാ​ണ്. മ​ത​വും സ​ഭ​ക​ളും ഒ​രു ജാ​തി​വി​വേ​ച​ന​ത്തെ​യും പി​ന്തു​ണ​യ്ക്കു​ന്നി​ല്ല. എ​ന്നി​രു​ന്നാ​ലും, ക്രി​സ്തു​മ​തം പൂ​ർ​ണ​മാ​യും ജാ​തി​വി​വേ​ച​ന​മു​ക്ത​മാ​ണെ​ന്നു പ​റ​യാ​നാ​കി​ല്ല. ക്രി​സ്തു​മ​ത​ത്തി​ൽ വി​വേ​ച​ന​മി​ല്ലെ​ന്ന വാ​ദം അ​ടി​ച്ചേ​ൽ​പ്പി​ച്ചാ​ൽ​പോ​ലും ദ​ളി​ത് ക്രൈ​സ്ത​വ​ർ ജീ​വി​ക്കു​ന്ന​തും ഇ​ട​പ​ഴ​കു​ന്ന​തും ക്രി​സ്തു​മ​ത​ത്തി​നു​ള്ളി​ൽ മാ​ത്ര​മ​ല്ലെ​ന്നു തി​രി​ച്ച​റി​യ​ണം. ഉ​ത്ത​രേ​ന്ത്യ​യി​ലെ നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളി​ൽ ദ​ളി​ത് ക്രൈ​സ്ത​വ​ർ സ​വ​ർ​ണ ഹി​ന്ദു​ക്ക​ളി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ നി​ന്ദ​ന​ങ്ങ​ൾ​ക്കും പീ​ഡ​ന​ങ്ങ​ൾ​ക്കു​മി​ര​യാ​യി അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ന്ന വാ​ർ​ത്ത​ക​ൾ ഒ​ന്നൊ​ന്നാ​യി പു​റ​ത്തു​വ​രി​ക​യാ​ണ്. ദ​ളി​ത​ർ​ക്ക് സ്വ​ത്വം ന​ഷ്ട​പ്പെ​ടാ​തെ ഇ​ഷ്‌​ട​മു​ള്ള മ​ത​ത്തി​ൽ ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലേ എ​ന്ന​താ​ണ് അ​ടി​സ്ഥാ​ന പ്ര​ശ്നം.

അ​തി​നാ​ൽ, ക്രൈ​സ്ത​വ ആ​ത്മീ​യ​ത​യു​ടെ പ​രി​വേ​ഷം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ലൊ​ന്നും ദ​ളി​ത​രു​ടെ ഭൗ​തി​ക-​സാ​ന്പ​ത്തി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നാ​കി​ല്ല. 1950ൽ ​പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് ഡോ. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​യി​ൽ​നി​ന്നു ഹി​ന്ദു​ക്ക​ള​ല്ലാ​ത്ത​വ​രെ​യെ​ല്ലാം ഒ​ഴി​വാ​ക്കി​യി​ട്ട് 75 വ​ർ​ഷം! സി​ഖു​കാ​രും ബു​ദ്ധ​രും തി​രി​ച്ചു​ക​യ​റി. നീ​തി ല​ഭി​ക്കു​മെ​ന്നു കാ​ത്തി​രു​ന്ന ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ പ​ല ത​ല​മു​റ​ക​ൾ മ​രി​ച്ചു​പോ​യി. ഇ​നി​യെ​ത്ര ത​ല​മു​റ​ക​ൾ കാ​ത്തി​രി​ക്ക​ണം? സ​ർ​ക്കാ​രി​നും കോ​ട​തി​ക്കും ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കും മു​ന്നി​ൽ, മു​ൾ​മു​ടി​യ​ണി​യി​ക്ക​പ്പെ​ട്ട്, ചാ​ട്ട​വാ​റ​ടി​യേ​റ്റ് ചോ​ര പൊ​ടി​യു​ന്നൊ​രു ശ​രീ​രം​പോ​ലെ ആ ​ചോ​ദ്യ​മു​ണ്ട്.

Latest News

Corehub Up