Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Danish MP

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ഡോണള്‍ഡ് ട്രംപിനെ കടന്നാക്രമിച്ച് ഡാനിഷ് എംപി

സ്ട്രാസ്ബര്‍ഗ്: ഡെന്മാര്‍ക്ക് സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നീക്കങ്ങള്‍ക്കെതിരെ അന്താരാഷ്‌ട്ര തലത്തില്‍ പ്രതിഷേധം കടുക്കുന്നു. യൂറോപ്യന്‍ പാര്‍ലമെന്‍റിൽ നടന്ന ചര്‍ച്ചയ്ക്കിടെ ഡാനിഷ് എംപി ആന്‍ഡേഴ്‌സ് വിസ്റ്റിസെന്‍ ട്രംപിനെതിരെ അത്യന്തം മോശമായ ഭാഷയില്‍ പ്രതികരിച്ചത് വലിയ വിവാദമായിരിക്കുകയാണ്.

ഗ്രീന്‍ലാന്‍ഡ് വിൽപനയ്ക്കുള്ളതല്ലെന്ന് ആവര്‍ത്തിച്ച വിസ്റ്റിസെന്‍, ട്രംപിനു മനസിലാകുന്ന ഭാഷയില്‍ പറയാം എന്നു സൂചിപ്പിച്ചുകൊണ്ടാണ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. ഡെന്മാര്‍ക്കിന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ട്രംപ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രീന്‍ലാന്‍ഡ് കഴിഞ്ഞ 800 വര്‍ഷമായി ഡെന്മാര്‍ക്കിന്‍റെ ഭാഗമാണെന്നും അമേരിക്ക രൂപീകൃതമായതിനേക്കാള്‍ ഇരട്ടി കാലം ഗ്രീൻലാന്‍ഡ് ഡെന്മാര്‍ക്കിനൊപ്പമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വിസ്റ്റിസെന്‍റെ മോശം ഭാഷാ പ്രയോഗത്തിനെതിരെ യൂറോപ്യന്‍ പാര്‍ലമെന്‍റ് വൈസ് പ്രസിഡന്‍റ് രംഗത്തെത്തി. ട്രംപിനോട് എന്തു വിയോജിപ്പുണ്ടെങ്കിലും ഇത്തരം വാക്കുകള്‍ സഭയില്‍ ഉപയോഗിക്കുന്നതു ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വിസ്റ്റിസെനില്‍നിന്നു പിഴ ഈടാക്കിയേക്കും. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ ഡെന്മാര്‍ക്കും മറ്റ് എട്ട് യൂറോപ്യന്‍ രാജ്യങ്ങളും വഴങ്ങാത്ത പക്ഷം കടുത്ത വ്യാപാര നികുതി ഏര്‍പ്പെടുത്തുമെന്നു ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഡാനിഷ് പ്രതിനിധികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായത്. ഗ്രീന്‍ലാന്‍ഡ് തങ്ങളുടെ അഭിമാനമാണെന്നും അതു വിട്ടുനല്‍കാന്‍ തയാറല്ലെന്നുമാണ് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനും പ്രഖ്യാപിച്ചത്. ട്രംപിന്‍റെ ഇത്തരം നീക്കങ്ങള്‍ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അംഗമായ നാറ്റോ സംഘടനയിൽ വലിയ പ്രതിസന്ധിയായി രൂപപ്പെടുകയാണെന്നാണ് വിലയിരുത്തുന്നത്. 

Latest News

Corehub Up