നെടുമ്പാശേരി: കേരളത്തിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മരണനിരക്ക് ഉയരുന്നു. ഒരാഴ്ചയ്ക്കിടെ മാത്രം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 25ഓളം തൊഴിലാളികളുടെ മൃതദേഹങ്ങളാണ് സ്വദേശങ്ങളിലേക്കു കൊണ്ടുപോയത്. ഇതിൽ 15ഓളം മൃതദേഹങ്ങൾ പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അതിഥി വെൽഫെയർ ഫോറം എന്ന എൻജിഒയുടെ നേതൃത്വത്തിലാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചത്.
ശനിയാഴ്ച രാത്രിയിൽ വിവിധ വിമാനങ്ങളിലായി അഞ്ചു തൊഴിലാളികളുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളം വഴി സ്വദേശങ്ങളിലേക്കു കൊണ്ടുപോയി. അപകടമരണം, ആത്മഹത്യ, സാംക്രമിക രോഗങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളാണ് മരണങ്ങൾക്കു പിന്നിൽ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് മരിച്ചവർ.
കുടുംബത്തിന്റെ ഉപജീവനമാർഗമായിരുന്ന തൊഴിലാളിയുടെ അപ്രതീക്ഷിത മരണം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതോടൊപ്പം മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിനുള്ള ചെലവും കുടുംബങ്ങൾക്ക് അധികബാധ്യതയാകുന്നു.
തൊഴിലുടമയുള്ള തൊഴിലാളിയാണെങ്കിൽ മൃതദേഹം സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ചെലവ് തൊഴിലുടമ വഹിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ പകുതിയിലേറെ തൊഴിലാളികൾക്കും സ്ഥിരമായ തൊഴിലുടമകളില്ല. അതിനാൽ ഇത്തരം തൊഴിലാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുടുംബങ്ങൾ സ്വന്തം നിലയിൽ പണം കണ്ടെത്തുകയോ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് പിരിവെടുക്കുകയോ ചെയ്യേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് അതിഥി വെൽഫെയർ ഫോറത്തിന്റെ ഇടപെടൽ ശ്രദ്ധേയമാകുന്നത്.
മരിക്കുന്ന തൊഴിലാളികളുടെ മൃതദേഹങ്ങൾ കുറഞ്ഞ ചെലവിൽ സ്വദേശങ്ങളിലെത്തിക്കുന്നതിനുള്ള നടപടികൾ ഇവർ ഏകോപിപ്പിക്കും. തൊഴിലാളിയുടെ മരണവിവരം സംഘടനയെ അറിയിക്കുന്നതോടെ വിവിധ സർക്കാർ വകുപ്പുകളുമായും ആശുപത്രികൾ, പൊലിസ്, വിമാനത്താവളത്തിലെ കാർഗോ വിഭാഗം എന്നിവരുമായി ബന്ധപ്പെടുകയും പൊലിസ് എൻഒസി, എംബാമിംഗ്, കോഫിൻ തയാറാക്കൽ, ആവശ്യമായ രേഖകൾ, വിമാന കാർഗോ ബുക്കിംഗ് ഉൾപ്പടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട മരണാനന്തര കാര്യങ്ങൾ സംഘടന ഏകോപിപ്പിക്കുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിലും സംഘടനയുടെ ഇടപെടൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. മുമ്പ് വിമാനംമാർഗം മൃതദേഹം കൊണ്ടുപോകുന്നതിന് സ്വകാര്യ ഏജൻസികൾ 50,000 രൂപയോളമാണ് ഈടാക്കിയിരുന്നത്.ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകുമ്പോൾ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ചെലവ് വരാറുണ്ട്.സംഘടന വഴി മൃതദേഹം കൊണ്ടുപോകുമ്പോൾ 25,000 രൂപയോളമാണു ചെലവ് വരുന്നത്.