കൊച്ചി: കടബാധ്യതയെത്തുടർന്ന് ജീവനൊടുക്കിയ യുവകർഷകന്റെ കുടുംബത്തിനു കൈത്താങ്ങാകാൻ കർഷകസമിതി രംഗത്ത്.
എറണാകുളം കാഞ്ഞൂരിലെ കർഷകനായിരുന്ന ലിജോയുടെ കുടുംബത്തിനുവേണ്ടിയാണ് പ്രദേശത്തെ കർഷക കൂട്ടായ്മയായ കാഞ്ഞൂർ കർഷകസമിതി ലിജോ കുടുംബ സഹായനിധി എന്നപേരിൽ സഹായനിധി രൂപീകരിച്ചത്.
15 ഏക്കർ വരെ പാട്ടത്തിനെടുത്ത് കൃഷി ചെയ്തുകൊണ്ടിരുന്ന കർഷകനായിരുന്നു ലിജോ. കൃഷിക്കായി ബാങ്കിൽനിന്നും സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്ത ഇദ്ദേഹത്തിന് പ്രകൃതിക്ഷോഭത്തിൽ വലിയ നഷ്ടമാണു സംഭവിച്ചത്.
വായ്പകളുടെ തിരിച്ചടവ് പ്രതിസന്ധിയിലായതോടെ ജപ്തിഭീഷണിയുമെത്തി. ഇതേത്തുടർന്നായിരുന്നു മരണം. 50 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇദ്ദേഹത്തിനുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
മൂത്തമകൾ പ്ലസ്ടു പൂർത്തിയാക്കി ജർമൻ ഭാഷ പഠിക്കുന്നു. പ്ലസ് വൺ വിദ്യാർഥിനിയാണ് രണ്ടാമത്തെ മകൾ. മകൻ ഒന്പതാം ക്ലാസ് വിദ്യാർഥി.
കർഷകസമിതിയിലെ അംഗംകൂടിയായ ലിജോ, കാഞ്ഞൂരിലെ മികച്ച കർഷകനായിരുന്നു. ലിജോയുടെ ഭാര്യ ഷിമിയുടെ പേരിൽ കാലടി കാനറ ബാങ്കിൽ ഒരു എസ്ബി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്നും കർഷകസമിതി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9847901293.