ന്യൂഡൽഹി: രാജ്യത്ത് അഞ്ഞൂറ്, ആയിരം നോട്ടുകൾ നിരോധിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ട് ഒരു പതിറ്റാണ്ട് പൂർത്തിയായി. സമ്പദ് വ്യവസ്ഥയിൽനിന്ന് 86 ശതമാനവും നോട്ടുകൾ പിൻവലിക്കുന്ന തീരുമാനം ഒന്നാം ബിജെപി സർക്കാരിന്റെ കാലത്ത് 2016 നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. വ്യാജ കറൻസി നോട്ടുകളും അഴിമതിയും തീവ്രവാദവും ഹവാല ഇടപാടും നേരിടുന്നത് ചൂണ്ടിക്കാട്ടിയാണ് 500, 1000 രൂപ നോട്ടുകൾ ഒറ്റ ദിവസം കൊണ്ട് നിരോധിച്ചതെങ്കിലും തീരുമാനം പ്രഖ്യാപിത ലക്ഷ്യങ്ങൾ കൈവരിച്ചോയെന്നതിൽ ഇന്നും വ്യക്തതയില്ല.
ഒരു രാത്രിയിലെ പ്രഖ്യാപനം ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുന്നിൽ നീണ്ട ക്യൂ സൃഷ്ടിച്ചപ്പോൾ നിരോധനത്തിനു ശേഷമുള്ള ആദ്യ ആഴ്ചകൾ സാധാരണക്കാരുൾപ്പെടെയുള്ളവർക്ക് കഷ്ടപ്പാടുകളുടേതായിരുന്നു.
അപ്രതീക്ഷിതമായ നോട്ട് നിരോധനം കള്ളപ്പണത്തെ ഇല്ലാതാക്കാനാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിരോധിച്ച 500,1000 നോട്ടുകളുടെ 99.3 ശതമാനത്തിനുമടുത്ത് പണം രണ്ട് വർഷത്തിനുള്ളിൽ തിരികെയെത്തിയത് നോട്ട് നിരോധനത്തിലൂടെ എത്രമാത്രം കള്ളപ്പണമാണ് യഥാർഥത്തിൽ ഇല്ലാതാക്കിയതെന്ന ചോദ്യമുയർത്തിയിരുന്നു. നിരോധിക്കുന്ന സമയത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും 15.41 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളാണുണ്ടായിരുന്നത്. ഇതിൽ 15.31 ലക്ഷം കോടി രൂപ വിലമതിക്കുന്ന നോട്ടുകളും നിരോധനത്തിനുശേഷം തിരികെയെത്തിയെന്ന് റിസർവ് ബാങ്കിന്റെ 2017-18 വാർഷിക റിപ്പോർട്ട് പറയുന്നു.
അതേസമയം ഡിജിറ്റൽ പണമിടപാടുകളെ പ്രോത്സാഹിപ്പിച്ച് വ്യാജ നോട്ടുകൾ വിപണിയിലെത്തുന്നത് തടയാനും കൂടിയാണ് നോട്ട് നിരോധനമെന്ന വ്യാഖ്യാനമുണ്ടായിരുന്നെങ്കിലും പൊതുജനങ്ങളുടെ കൈയിലുള്ള കറൻസി 2015-16ൽ 11.9 ശതമാനമാണെങ്കിൽ പത്ത് വർഷങ്ങൾക്കിപ്പുറം 2026ലെ കണക്കിലും അത് അധികം മാറ്റമില്ലാതെ 12.1 എന്ന നിരക്കിലാണ്. നിരോധനത്തിനുശേഷം വ്യാജ അഞ്ഞൂറ് രൂപ നോട്ടുകൾ റിസർവ് ബാങ്ക് കണ്ടെത്തുന്നതും വർധിച്ചിട്ടുണ്ട്.
2016-17ൽ പുതിയ അഞ്ഞൂറ് നോട്ടുകൾ അവതരിപ്പിച്ച സമയത്ത്, ഒരു കോടി നോട്ടുകളിൽ 0.3 വ്യാജ അഞ്ഞൂറ് രൂപ നോട്ടുകളാണ് കണ്ടെത്തിയിരുന്നതെങ്കിൽ 2025-26ൽ ഓരോ ഒരു കോടി നോട്ടുകളിലും 20.1 കള്ളനോട്ടുകളുണ്ടെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്.