പനത്തടി: പനത്തടി വണ്ണാര്കയം എന്‍എസ്എസ് എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള വനമേഖലയില്‍ അപരിചിതനായ വ്യക്തിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തി. മരിച്ചത് കുന്നുംകൈ മൗക്കോട് സ്വദേശിയാണെന്ന് സൂചനയുണ്ട്. ഇന്നലെ രാവിലെ പത്തോടെയാണ് മൃതദേഹം കണ്ടത്. കൂണ് ശേഖരിക്കാനായി വനത്തിനുള്ളില്‍ പോയ അരിപ്രോട് സ്വദേശിയായ ദിലീപ് കുമാറും ബന്ധുക്കളും സുഹൃത്തുക്കളുമാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ വനംവകുപ്പിനെയും രാജപുരം പോലീസിലും വിവരം അറിയിച്ചു.
ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം തലയും ശരീരവും വേര്‍പെട്ട നിലയിലായിരുന്നു. സംഭവസ്ഥലത്തുനിന്ന് കയര്‍ കണ്ടെത്തിയതിനാല്‍ തൂങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.