തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വിളിച്ചുചേർത്ത തിരുവനന്തപുരം ഡിസിസി യോഗത്തിൽ നിന്ന് ജില്ലാ നേതാക്കളും എംഎൽഎമാരും വിട്ടുനിന്നതിൽ കടുത്ത അതൃപ്തി.
നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന റാലിയും എസ്‌ഐആർ സമരവും ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്ന യോഗത്തിലാണ് പ്രമുഖ നേതാക്കളുടെ അസാന്നിധ്യമുണ്ടായത്. ഡിസിസി പ്രസിഡന്‍റും കോൺഗ്രസ് എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തില്ല. നിശ്ചയിച്ച പ്രകാരം ഡിസിസി, മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ ഉൾപ്പെടെ അമ്പതോളം പേർ മാത്രമാണ് യോഗത്തിനെത്തിയത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രധാന സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് പ്രമുഖർ വിട്ടുനിന്നത് അംഗീകരിക്കാനാകില്ലെന്ന് ദീപ ദാസ് മുൻഷി വ്യക്തമാക്കി.