പാലക്കാട്: ആവേശവും അഭിമാനവും നിറഞ്ഞ വേദിയിൽ ദീപിക കളർ ഇന്ത്യ സീസണ്- 5 പെയിന്റിംഗ് മത്സര ജേതാക്കൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
കഠിനപ്രയത്നവും ചിന്താശേഷിയും ചേർന്ന് ചായങ്ങൾ ചാലിച്ച് വിജയപീഠമേറിയവരുടെ മാതാപിതാക്കൾക്കും അധ്യാപകർക്കുമത് അഭിമാനമുഹൂർത്തമായി. ഒലവക്കോട് സെന്റ് തോമസ് കോണ്‍വന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന അവാർഡ്ദാന ചടങ്ങ് ഒളിന്പ്യനും അർജുന അവാർഡ് ജേതാവുമായ ടിന്റു ലൂക്ക ഉദ്ഘാടനം ചെയ്തു.
ഭാവനയും ചിന്തയും കടലാസുകളിലേക്ക് പകർന്ന് മികച്ച സൃഷ്ടികൾ സാധ്യമാക്കിയ എല്ലാ വിദ്യാർഥികളും അഭിനന്ദനം അർഹിക്കുന്നതായി ടിന്റു ലൂക്ക പറഞ്ഞു.
ഇനിയും ഉയരങ്ങളിലേക്ക് വളരാൻ കഠിനാധ്വാനം ചെയ്യണമെന്നും അവർ കുട്ടികളെ ഉപദേശിച്ചു.
പാലക്കാട് രൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറുമായ മോണ്‍. ജീജോ ചാലയ്ക്കൽ അധ്യക്ഷത വഹിച്ചു.
ഓരോ വ്യക്തിക്കും തന്റേതായ കഴിവുണ്ടെന്നും വെള്ളവും വളവും നൽകിയാൽ അത് സമൃദ്ധമായ ഫലം പുറപ്പെടുവിക്കുമെന്നും മോണ്‍. ചാലയ്ക്കൽ പറഞ്ഞു. പരസ്പരം വളർത്തിയും വളർന്നും ഒരുമിച്ച് മുന്നേറണമെന്ന് അദ്ദേഹം വിദ്യാർഥികളെ ആഹ്വാനം ചെയ്തു.
കെജി, എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ സമ്മാനം നേടിയവർ മൊമന്റോയും മെഡലും സർട്ടിഫിക്കറ്റും വിശിഷ്ടാതിഥികളിൽനിന്ന് ഏറ്റുവാങ്ങി. കൂടാതെ മത്സരത്തിൽ കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ദീപിക കോ- ഓർഡിനേറ്റിംഗ് എഡിറ്റർ ഫാ. അനൂപ് കോലംകണ്ണി, പിടിഎ പ്രസിഡന്റ് വിനോദ്കുമാർ എന്നിവർ ആശംസാപ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലീമ റോസ് സിഎച്ച്എഫ് സ്വാഗതവും ദീപിക സീനിയർ ഏരിയ മാനേജർ സനൽ ആന്റോ നന്ദിയും പറഞ്ഞു.
ദീപിക സർക്കുലേഷൻ മാനേജർ കെ.എൽ. ഡേവിസ്, ഏരിയ മാനേജർ ബെന്നി ജോസഫ്, ബിസിനസ് മാനേജർ മാർക്കറ്റിംഗ് എം. വിനോദ് കുമാർ, പ്രോഗ്രാം കോ- ഓർഡിനേറ്റർ ജെസ്നി പീയൂസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.