140 സംവത്സരങ്ങൾ പ്രകാശം പരത്തിയ ദീപികയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 81 വർഷം നീണ്ട ദീപികയുമായുള്ള ആത്മബന്ധം വലിയ ഒരു നിമിത്തമാണ്. എന്നെ സ്കൂളിൽ ചേർത്തിട്ടു മുറ്റത്തേക്കു വരുന്പോൾ ഒരു ചേട്ടൻ ഒരാവശ്യം ഉന്നയിച്ചു. 10 ദീപിക വീടുകളിൽ കൊടുക്കണം. ഒരെണ്ണം എനിക്കും തന്നു. സ്കൂൾ വിട്ടുവരുന്പോഴാണ് ഈ പത്രം കൊടുക്കുന്നത്.
ഒരു ദിവസം പോലും മുടങ്ങാതെ ഏഴു വർഷവും ഇത് തുടർന്നു. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്കൂളിൽ ചേർന്നു. എട്ടാം ക്ലാസിൽ പഠിക്കുന്പോൾ കുട്ടികളുടെ ദീപികയിൽ ആദ്യലേഖനം പ്രസിദ്ധപ്പെടുത്തി. അന്നത്തെ മലയാളം അധ്യാപകൻ മഹാകവി പ്രവിത്താനം പി.എം. ദേവസ്യ സാറാണ് ലേഖനം തെറ്റുതിരുത്തി തന്നത്. പിന്നീട് വാർത്തകൾ എഴുതാനും അദ്ദേഹം പഠിപ്പിച്ചു.
അയയ്ക്കാനുള്ള കടലാസ്, കവർ, ഇൻലൻഡ്, കാർഡ് ഇവയൊക്കെ അദ്ദേഹം വാങ്ങിത്തന്നു. 81 വർഷത്തിൽ ഒരു ദിവസം പോലും ദീപിക വായന മുടങ്ങിയിട്ടില്ല. എന്നെ വളർത്തിയ ദീപികയ്ക്ക് നന്ദി. ദീപിക എന്റെ ചങ്കാണ്.
-അഗസ്റ്റിൻ കുറുമണ്ണ്, (കർഷക കോണ്ഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി)