'ജയിലർ 2' എന്ന ചിത്രത്തിൽ ഹൈ എനർജറ്റിക് ഡാൻസ് നമ്പറിന്റെ ഭാഗമായി സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിട്ടിരിക്കുകയാണ് നടനും സംവിധായകനുമായ രാജേഷ് മാധവൻ. ജീവിതത്തിൽ സ്വപ്നം കാണാൻ പോലും തുനിയാത്ത വലിയ അവസരമാണ് രാജേഷിന് ലഭിച്ചതെന്ന് അദ്ദേഹത്തിന്റെ പങ്കാളിയും അസിസ്റ്റന്റ് ഡയറക്ടറുമായ ദീപ്തി കാരാട്ട് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
സിനിമയെ അത്രയേറെ സ്നേഹിക്കുന്ന ഒരാളെ സംബന്ധിച്ച് രജനികാന്തിനെ നേരിൽ കാണുന്നതും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നതും വാക്കുകളിൽ വിവരിക്കാനാവാത്ത വലിയൊരു ഭാഗ്യമാണെന്ന് ദീപ്തി കുറിച്ചു. വലിയ സ്വപ്നങ്ങൾ കാണാൻ പോലും ഒരിക്കലും തുനിയാതിരുന്ന രാജേഷിന് ഈ അവസരം ലഭിച്ചതിൽ കടുത്ത അഭിമാനമുണ്ടെന്നും അദ്ദേഹത്തിന്റെ പങ്കാളിയായതുകൊണ്ട് തനിക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമായാണ് ഇതിനെ കാണുന്നതെന്നും ദീപ്തി വ്യക്തമാക്കുന്നു. രജനികാന്തിനൊപ്പം സെറ്റിൽ എടുത്ത ചിത്രങ്ങൾക്കൊപ്പമാണ് ദീപ്തി ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിലെ 'അല്ല ബോലെലോ' എന്നുതുടങ്ങുന്ന കിടിലൻ ഡാൻസ് നമ്പറിലാണ് രാജേഷ് മാധവന്റെ കഥാപാത്രം എത്തുന്നത്. ഷംന കാസിം തകർത്താടിയ ഈ നൃത്തരംഗത്തിൽ ഗായകന്റെ വേഷത്തിലാണ് രാജേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.