ഹൈദരാബാദ്: തെലുങ്കാനയിൽ ഭരണകക്ഷിയായ കോൺഗ്രസിലേക്കു കൂറുമാറിയ ബിആർഎസ് എംഎൽഎ ദനം നാഗേന്ദറിനെ തെലുങ്കാന ഹൈക്കോടതി അയോഗ്യനാക്കി. നാഗേന്ദറിനെ അയോഗ്യനാക്കണമെന്ന പരാതി തള്ളിയ സ്പീക്കറുടെ നടപടി റദ്ദാക്കിയാണു ഹൈക്കോടതി നടപടി.
ബിജെപി നിയമസഭാ കക്ഷി നേതാവ് അലേതി മഹേശ്വർ റെഡ്ഢി, ബിആർഎസിലെ പി. കൗശിക് റെഡ്ഢി എന്നിവരാണു ഹൈക്കോടതിയെ സമീപിച്ചത്.
2024 ഏപ്രിൽ 23 മുതൽ നാഗേന്ദറിന്റെ നിയമസഭാംഗത്വത്തിന് അയോഗ്യതയുണ്ടാകുമെന്ന് ചീഫ് ജസ്റ്റീസ് അപരേഷ്കുമാർ സിംഗ് തലവനായ ഡിവിഷൻ ബെഞ്ച് വിധിച്ചു.
ബിആർഎസ് എംഎൽഎയായിരിക്കേ നാഗേന്ദർ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ സെക്കന്ദരാബാദിൽ മത്സരിച്ചിരുന്നു. നാഗേന്ദറെ അയോഗ്യനാക്കണമെന്ന ഹർജി ഈ വർഷം മാർച്ച് 11നാണ് സ്പീക്കർ ഗഡ്ഡം പ്രസാദ്കുമാർ തള്ളിയത്.