വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടയിൽ അമേരിക്കൻ പ്രതിരോധ വകുപ്പിൽ നിർണായക അഴിച്ചുപണി. യുഎസ് കരസേനാ മേധാവി ജനറൽ റാൻഡി ജോർജിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പദവിയിൽ നിന്ന് പുറത്താക്കി. ഇറാനുമായുള്ള യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുന്നതിനിടയിലാണ് സൈനിക തലപ്പത്തെ ഈ മാറ്റം. ആയിരക്കണക്കിന് അമേരിക്കൻ സൈനികരെ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കുന്ന ഘട്ടത്തിലാണിത്. യുദ്ധസമയത്ത് ഒരു ജനറലിനെ പുറത്താക്കുന്നത് അമേരിക്കൻ ചരിത്രത്തിൽ അത്യപൂർവ്വമാണ്. പ്രതിരോധ സെക്രട്ടറി ഹെഗ്സെത്തും കരസേനാ നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ജനറൽ റാൻഡി ജോർജിനോട് ഉടൻ തന്നെ വിരമിക്കാൻ പ്രതിരോധ സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക കാലാവധി തീരാൻ ഒരു വർഷത്തിലധികം ബാക്കിയുള്ളപ്പോഴാണ് ഈ നടപടി. 2023 ഓഗസ്റ്റ് മുതൽ അദ്ദേഹം ഈ പദവിയിലുണ്ട് പുറത്താക്കലിന്റെ കൃത്യമായ കാരണം പെന്റഗൺ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ട്രംപ് ഭരണകൂടത്തിന്റെ വികസന കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ പുതിയൊരു നേതൃത്വം വേണമെന്ന പീറ്റ് ഹെഗ്സെത്തിന്റെ താത്പര്യമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
ജനറൽ റാൻഡി ജോർജിനൊപ്പം മറ്റു രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെയും (ജനറൽ ഡേവിഡ് ഹോഡ്നെ, മേജർ ജനറൽ വില്യം ഗ്രീൻ) സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. പീറ്റ് ഹെഗ്സെത്ത് ചുമതലയേറ്റ ശേഷം പത്തിലധികം മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയാണ് ഇതുവരെ പുറത്താക്കിയത്. പീറ്റ് ഹെഗ്സെത്തിന്റെ മുൻ സൈനിക സഹായിയായ ജനറൽ ക്രിസ്റ്റഫർ ലാനീവ് കരസേനാ മേധാവിയുടെ താത്കാലിക ചുമതല വഹിക്കും.