ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശം രാഷ്ട്രീയ ആയുധമാക്കി ബിജെപിയും പ്രതിരോധം തീർത്തു കോൺഗ്രസും.
“മോദിയുടെ അച്ഛനും പുറത്തുപോകുമെന്ന’’പരാമർശത്തിൽ ഖാർഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ടു ബിജെപി പ്രവർത്തകർ ഇന്നലെ ബംഗളൂരു, പാറ്റ്ന, ജമ്മു ഉൾപ്പടെയുള്ള നഗരങ്ങളിൽ പ്രതിഷേധിച്ചു. ഡൽഹിയിലെ ഖാർഗെയുടെ വസതിക്കടുത്തും പ്രതിഷേധ മാർച്ച് നടത്തി.
ഖാർഗെയുടെ പരാമർശത്തിനെതിരേ പാറ്റ്നയിലെ പൊലിസ് സ്റ്റേഷനിൽ ഒരു ബിജെപി പ്രവർത്തകൻ പരാതി നൽകിയിട്ടുമുണ്ട്. വിഷയത്തിൽ നേരിട്ടു പ്രതികരിച്ചില്ലെങ്കിലും ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദിസർക്കാർ സാധ്യമായ എല്ലാ തന്ത്രങ്ങളും അവലംബിക്കുകയാണെന്നാണു വോട്ട് കൊള്ളയെ സംബന്ധിച്ചും നവംബർ ഒന്നിലെ ഇന്ത്യ സഖ്യ റാലിയെ സംബന്ധിച്ചും ഖാർഗെ എക്സിൽ കുറിച്ചത്.
ഖാർഗെയുടെ പരാമർശങ്ങൾ വ്യക്തിപരമല്ലെന്നും പ്രത്യയശാസ്ത്രപരമാണെന്നും ചൂണ്ടിക്കാട്ടിയാണ് എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതിരോധം തീർത്തത്. പ്രത്യയശാസ്ത്രപരമായി ബിജെപിയുടെ രക്ഷിതാവ് ആർഎസ്എസാണെന്നും ഖാർഗെ അതാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം ചണ്ഡിഗഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിക്ക് രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കാനും ഇന്ദിരാഗാന്ധിയെക്കുറിച്ച് പരാമർശങ്ങൾ നടത്താനും സോണിയ ഗാന്ധിയെക്കുറിച്ച് മോശമായി സംസാരിക്കാനും സ്വാതന്ത്ര്യമുള്ളപ്പോൾ, അവരും അതേ ഭാഷയിൽത്തന്നെ മറുപടി അർഹിക്കുന്നുണ്ടെന്ന് ഖാർഗെയുടെ പരാമർശത്തെ ന്യായീകരിച്ചുകൊണ്ട് ഇമ്രാൻ മസൂദ് എംപി വ്യക്തമാക്കി.