കാസർഗോഡ്: കർണാടക അതിർത്തിമേഖലയിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ദേലംപാടി പഞ്ചായത്തിൽ പാർട്ടിക്ക് വെല്ലുവിളിയുയർത്തുന്ന വിമതനേതാക്കൾക്ക് യുഡിഎഫ് പിന്തുണ. മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്തഫ ഹാജി, മുൻ സ്ഥിരം സമിതി അധ്യക്ഷനും പാണ്ടിയിലെ മുൻ ലോക്കൽ സെക്രട്ടറിയുമായ രത്തൻ കുമാർ നായ്ക്ക് എന്നിവരുടെ നേതൃത്വത്തിലാണ് വിമതവിഭാഗം ജനകീയ വികസനസമിതി എന്ന പേരിൽ മത്സരരംഗത്തിറങ്ങുന്നത്.
മുസ്തഫ ഹാജി ദേലംപാടി വാർഡിലും രത്തൻ കുമാർ അഡൂർ വാർഡിലുമാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഒരൊറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിച്ച ദേലംപാടി വാർഡിൽ ഇത്തവണ മുസ്തഫ ഹാജിയെ പിന്തുണയ്ക്കാൻ ധാരണയായിട്ടുണ്ട്. സിപിഎം ശക്തികേന്ദ്രമായ അഡൂരിൽ മത്സരിക്കുന്ന രത്തൻകുമാർ നായിക്കിനെ പിന്തുണയ്ക്കണോ അടവുനയം സ്വീകരിക്കണോ എന്ന കാര്യത്തിൽ ധാരണയായിട്ടില്ല.
ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം കണ്ടുവച്ചിരിക്കുന്ന മുൻ ഏരിയ സെക്രട്ടറി എ. ചന്ദ്രശേഖരനാണ് അഡൂരിലെ എതിർ സ്ഥാനാർഥി. നിലവിൽ സിപിഎമ്മിന്റെ കൈയിലുള്ള ഉജ്ജംപാടി, മയ്യള വാർഡുകളിലും യുഡിഎഫ് വിമതവിഭാഗത്തിന് പിന്തുണ നൽകും.
16 അംഗങ്ങളുണ്ടായിരുന്ന നിലവിലെ ഭരണസമിതിയിൽ സിപിഎമ്മിന് ഒമ്പതും കോൺഗ്രസിന് മൂന്നും ലീഗിന് രണ്ടും ബിജെപിക്ക് രണ്ടും അംഗങ്ങളാണ് ഉള്ളത്. ഇത്തവണ 17 വാർഡുകളാണുള്ളത്. ഏതാനും സീറ്റുകളിലെങ്കിലും വിമതവിഭാഗത്തിന് ജയിക്കാനായാൽ പഞ്ചായത്തിൽ ഭരണമാറ്റം അസാധ്യമല്ലെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. വിമതവിഭാഗത്തിന്റെ വോട്ടുകൾ കൂടി ലഭിച്ചാൽ ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷനിൽ വിജയമുറപ്പിക്കാൻ കഴിയുമെന്നും അവർ കണക്കുകൂട്ടുന്നു.