ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക കൂട്ടായ്മകളിൽ ഒന്നായി വളർന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഇന്ന് യൂറേഷ്യൻ ഭൂപ്രദേശത്തെ നിർണായക രാഷ്ട്രീയ - സാമ്പത്തിക ശക്തിയായി മാറിക്കഴിഞ്ഞു. ഭൂശാസ്ത്രപരമായ വിസ്തൃതിയിലും ജനസംഖ്യയിലും ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഈ സംഘടന, രൂപീകരണ കാലത്തെ ചെറിയൊരു പ്രാദേശിക കൂട്ടായ്മയിൽ നിന്നാണ് ഇന്നത്തെ നിലയിലേക്ക് വളർന്നത്.
എസ്സിഒയെ വെറുമൊരു രാഷ്ട്രീയ - സാമ്പത്തിക വേദിയാക്കിമാത്രമായി ചുരുക്കാതെ, അംഗരാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധവും പരസ്പരവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ പുതിയൊരു ചുവടുവെപ്പിന് വേദിയാകുകയാണ്. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ പുരാണ കിലയിൽ വെച്ച് ആദ്യത്തെ ‘എസ്സിഒ സിവിലൈസേഷണൽ ഡയലോഗ് ഫോറം' സംഘടിപ്പിക്കപ്പെടുന്നു.
നവംബർ 20 മുതൽ 22 വരെ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. സാംസ്കാരിക ആവിഷ്കാരം, കലയും വാസ്തുവിദ്യയും, ഭാഷയും സാഹിത്യവും, മത-ദാർശനിക പാരമ്പര്യങ്ങൾ എന്നീ നാല് പ്രധാന മേഖലകളെ മുൻനിർത്തിയാണ് ചർച്ചകൾ നടക്കുന്നത്. പാകിസ്ഥാൻ ഉൾപ്പെടെയുള്ള എല്ലാ എസ്സിഒ അംഗരാജ്യങ്ങൾക്കും ഡയലോഗ് പങ്കാളികൾക്കും ഇന്ത്യ ഇതിനായി ഔദ്യോഗികമായി ക്ഷണങ്ങൾ അയച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി ഒരു പാകിസ്ഥാൻ മന്ത്രി ഇന്ത്യയിലെത്തുന്നുവെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.
ഇന്ത്യയും എസ്സിഒയും
2017 മുതൽ എസ്സിഒയിലെ സ്ഥിരാംഗമായ ഇന്ത്യ, ഈ കൂട്ടായ്മയ്ക്ക് വലിയ തന്ത്രപരമായ പ്രാധാന്യമാണ് നൽകുന്നത്. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം ദൃഢമാക്കാനും ഊർജ സുരക്ഷ ഉറപ്പാക്കാനും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ തേടാനും ഇന്ത്യ എസ്സിഒ വേദികൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ ആധിപത്യത്തിന് ബദലായി യൂറേഷ്യൻ രാജ്യങ്ങൾക്കിടയിൽ സ്വാധീനവും സാംസ്കാരിക ഐക്യവും ഉറപ്പിക്കുന്ന എസ്സിഒ, മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിൽ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്.
‘ഷാങ്ഹായ് ഫൈവ്' മുതൽ എസ്സിഒ വരെ
1996ൽ ചൈന, റഷ്യ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ അഞ്ച് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച 'ഷാങ്ഹായ് ഫൈവ്' എന്ന സുരക്ഷാ സഖ്യമാണ് പിന്നീട് എസ്സിഒ ആയി രൂപാന്തരപ്പെട്ടത്. 2001 ജൂൺ 15ന് ഉസ്ബെക്കിസ്ഥാൻ കൂടി ചേർന്നതോടെയാണ് ഔദ്യോഗികമായി എസ്സിഒ നിലവിൽ വന്നത്.
തുടർന്ന് സംഘടനയുടെ വ്യാപ്തി വർധിച്ചു. 2017ൽ ഇന്ത്യയും പാകിസ്ഥാനും പൂർണ അംഗങ്ങളായി. പിന്നീട് ഇറാനും (2023) ബെലാറസും (2024) കൂടി ഉൾപ്പെട്ടതോടെ എസ്സിഒ അംഗരാജ്യങ്ങളുടെ എണ്ണം 10 ആയി ഉയർന്നു.
ലക്ഷ്യവും പ്രവർത്തനങ്ങളും
സുരക്ഷ, സാമ്പത്തിക സഹകരണം, സാംസ്കാരിക വിനിമയം എന്നിവയ്ക്കാണ് എസ്സിഒ പ്രധാനമായും മുൻഗണന നൽകുന്നത്. മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുന്ന ഭീകരവാദം, തീവ്രവാദ ചിന്തകൾ, വിഘടനവാദം, ലഹരിക്കടത്ത് എന്നിവയെ പ്രതിരോധിക്കാൻ കൂട്ടായ്മ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഇതിനായി ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റാറ്റ്സ്
(RATS - Regional Anti Terrorist Structure) എന്ന ഭീകരവിരുദ്ധ സംവിധാനവും സംഘടനയ്ക്കുണ്ട്. ചൈനയിലെ ബീജിംഗിലാണ് എസ്സിഒ സെക്രട്ടേറിയറ്റ് പ്രവർത്തിക്കുന്നത്.
അംഗരാജ്യങ്ങൾ
ഇന്ത്യ, ചൈന, റഷ്യ, പാകിസ്ഥാൻ, ഇറാൻ, ബെലാറസ്, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ 10 അംഗരാജ്യങ്ങളാണ് നിലവിൽ എസ്സിഒയിലുള്ളത്. ഇവ കൂടാതെ ചില രാജ്യങ്ങൾ നിരീക്ഷക പദവിയിലും ഡയലോഗ് പാർട്ണർമാരായും പ്രവർത്തിക്കുന്നുണ്ട്.