ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ കഴിഞ്ഞദിവസം 21 പേരുടെ മരണത്തിനിടയായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തമുണ്ടാകുന്നതിന് പാചകക്കാരന്റെ അനാസ്ഥ കാരണമായിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് അറസ്റ്റ്.
കേശവ് നേഗി എന്ന പാചകക്കാരന്റെ പിഴവ് തീപിടിത്തത്തിനു കാരണമായെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ഹോട്ടലിന്റെ അടുക്കളയിലെ ഇലക്ട്രിക് സ്റ്റൗ കേശവ് ഓണ്‍ ചെയ്തതിനു പിന്നാലെ അതു പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായതിനുശേഷം ഹോട്ടലിന്റെ വൈദ്യുതി കണക്ഷന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്തു കേശവ് പുറത്തേക്കോടിയെന്നും ഇതുമൂലം ഹോട്ടലിന്റെ ഇലക്ട്രോണിക് ഡോറുകൾ ലോക്കായി ചിലർ അകത്തു കുടുങ്ങിയെന്നുമാണ് റിപ്പോർട്ട്.