ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സൈനിക നിലവാരമുള്ള ഡ്രോണുകളുമായി മൂന്ന് യാത്രക്കാർ പിടിയിലായി. കഴിഞ്ഞ 25ന് നടന്ന സംഭവത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് അധികൃതർ പുറത്തുവിട്ടത്.
ഹോങ്കോംഗിൽനിന്നു വിയറ്റ്നാം വഴി ടെർമിനൽ മൂന്നിൽ എത്തിയ യാത്രക്കാരിൽനിന്നാണ് തെർമൽ ഇമേജിംഗ് സംവിധാനവും ലേസർ റേഞ്ച് ഫൈൻഡറുകളും ഘടിപ്പിച്ച പത്ത് പ്രൊഫഷണൽ ഡ്രോണുകൾ കസ്റ്റംസ് പിടിച്ചെടുത്തത്. ഗ്രീൻ ചാനൽ വഴി കടന്നുപോകാൻ ശ്രമിച്ച ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞു പരിശോധിക്കുകയായിരുന്നു.
ഡ്രോണുകൾക്കുപുറമെ കൺട്രോളറുകൾ, കാമറ ഗിംബലുകൾ, കേബിളുകൾ, പ്രൊപ്പല്ലറുകൾ, ജോയിസ്റ്റിക്കുകൾ തുടങ്ങിയ അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി.
ചാർട്ടേഡ് എൻജിനിയറുടെ പരിശോധനയിൽ ഇവ പ്രതിരോധ ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന സൈനികനിലവാരമുള്ള ഡ്രോണുകളാണെന്ന് സ്ഥിരീകരിച്ചു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവില്‍ ഏവിയേഷനിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ട ഇത്തരം ഉപകരണങ്ങൾ അനധികൃതമായി കടത്താൻ ശ്രമിച്ചതിനെത്തുടർന്ന് 1962ലെ കസ്റ്റംസ് ആക്ട് പ്രകാരം ഇവരെ കസ്റ്റഡിയിലെടുക്കുകയും വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.