ന്യൂഡൽഹി: കെപിസിസി സംസ്കാര സാഹിതി ഡൽഹി ചാപ്റ്റർ രൂപീകരിച്ചു. 2026-28 കാലയളവിലേക്കുള്ള ഭാരവാഹികളെയും നിർവാഹക സമിതി അംഗങ്ങളെയും സംസ്ഥാന കമ്മിറ്റി നിയമിച്ചു. ലത ഉമ്മനെ ചെയർപേഴ്സണായും സുരേഷ് ബാബുവിനെ വൈസ് ചെയർമാനായും ഷിനു ജോസഫിനെ ജനറൽ കൺവീനറായും മുഹമ്മദ് ഇല്യാസിനെ ട്രഷററായും നിയമിച്ചു.
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും പ്രചരിപ്പിക്കുന്നതിനൊപ്പം സാഹിത്യം, കല, സംസ്കാരം, ബൗദ്ധിക സംവാദങ്ങൾ എന്നിവയ്ക്ക് സജീവമായ വേദിയൊരുക്കുകയുമാണ് പുതിയ ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യം. കുട്ടികൾക്കും യുവജനങ്ങൾക്കുമായി കലാ-സാഹിത്യ മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കും.
വിവിധ മേഖലകളിൽ പ്രാദേശിക കൂട്ടായ്മകൾ രൂപീകരിച്ച് പ്രവർത്തനം കൂടുതൽ വിപുലമാക്കാനും പദ്ധതിയുണ്ട്. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹികനീതി, ദേശീയ ഐക്യം തുടങ്ങിയ കോൺഗ്രസിന്റെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് വിവിധ സാമൂഹിക-സാംസ്കാരിക വിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും ഡൽഹി ചാപ്റ്റർ നേതൃത്വം നൽകും.