ന്യൂഡൽഹി: ഡൽഹി മയൂർ വിഹാറിലെ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ഒമ്പത് വയസുകാരിയായ പെൺകുട്ടി ബുധനാഴ്ച രാവിലെയോടെയാണ് ക്ലാസ് മുറിയിൽ വെച്ച് മരണപ്പെട്ടത്. സംഭവസ്ഥലത്തെത്തിയ ഡൽഹി പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുട്ടിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാകുന്നതിനായി പൊലിസ് സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
ക്ലാസ് മുറിയിലേക്ക് നടന്നെത്തുന്ന പെൺകുട്ടി പെട്ടെന്ന് അസ്വസ്ഥത പ്രകടിപ്പിച്ച് നിലത്തേക്ക് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. അധ്യാപിക ഉടൻ തന്നെ കുട്ടിയെ കസേരയിലിരുത്താൻ ശ്രമിച്ചെങ്കിലും ബോധരഹിതയായതിനെ തുടർന്ന് സഹായത്തിനായി പുറത്തേക്ക് ഓടുകയും നിമിഷങ്ങൾക്കകം തിരികെയെത്തി കുട്ടിയെ പുറത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു.
ഇതിനു തൊട്ടുമുമ്പ് മറ്റു കുട്ടികളോടൊപ്പം പടികൾ കയറുന്നതും വിനോദങ്ങളിൽ ഏർപ്പെടുന്നതും അടക്കമുള്ള ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക അനുമാനമെങ്കിലും പോസ്റ്റ്മോർട്ടത്തിനും മറ്റ് ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കുട്ടിയുടെ മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.