Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deluludairy

ഡെലൂലു യുഗം!

നിർമിത ബുദ്ധിയുടെ (AI) പുതിയ കാലത്തിന് ഏറ്റവും അനുയോജ്യമായി തോന്നിയ മറ്റൊരു പേരാണ് ‘ഡെലൂലു യുഗം’! ‘ഡെല്യൂഷണൽ’ അഥവാ ഭ്രമാത്മക ലോകത്തിൽ ജീവിക്കുന്നവർക്കുള്ള ന്യൂ ജെൻ ചുരുക്കപ്പേരാണല്ലോ ‘ഡെലൂലു’. ഇന്ന്, ‘റീൽ വേഴ്സസ് റിയൽ’ ജീവിതത്തിന്‍റെ അതിർവരമ്പുകൾ മാഞ്ഞു പോവുകയും അവ തമ്മിൽ പരസ്പരം മാറിപ്പോവുകയും ചെയ്യുന്നുണ്ട് പലർക്കും. ഇൻസ്റ്റഗ്രാമബിളും പിൻറെസ്റ്റിയുമായ ഒരു ഏസ്തെറ്റിക് ജീവിതം ദൈനംദിന വ്യവഹാരങ്ങളിൽ പ്രതീക്ഷിക്കുന്നവർക്ക്, പച്ചയായ, അപൂർണമായ, അലങ്കോലമായ, സങ്കീർണമായ ചിന്തകളും ബന്ധങ്ങളും ഇടങ്ങളും സാഹചര്യങ്ങളും വലിയ തോതിൽ അസംതൃപ്തിയും ആശങ്കയും സൃഷ്ടിച്ചേക്കാം.

പ്രത്യേകിച്ചും, മറ്റു മനുഷ്യരുടേയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്‍റെയും റീൽ ജീവിതം സ്വന്തം റിയൽ ജീവിതവുമായി താരതമ്യം ചെയ്യുന്നവർക്ക്.
എങ്ങനെയാണ് ഡിജിറ്റൽ അനുഭവങ്ങളും സോഷ്യൽ മീഡിയയും ഒരാളെ ഡെലൂലുവാക്കുന്നത്? മെട്രിക്സ് സിനിമ ഓർമയില്ലേ? അതിൽ ഓരോ മനുഷ്യനും വയറുകളാൽ ബന്ധിക്കപ്പെട്ട് സ്വിച്ചുകളാൽ നിയന്ത്രിക്കപ്പെട്ട് അതിദീർഘമായ ഉറക്കത്തിലെന്നവണ്ണം ഒരു സ്വപ്നം കാണുകയാണ്. ആ സ്വപ്നലോകത്തിൽ നരകതുല്യമായ ജീവിതം ജീവിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിലിറങ്ങിയ ഒരു സിനിമ എത്ര കൃത്യമായാണ് ആസന്നമായ ഒരു ഡെലൂലു ലോകത്തെ വരച്ചു കാട്ടുന്നത്? നമ്മൾ വയർലെസ് ആണെന്ന വ്യത്യാസം മാത്രം!

താരതമ്യവും അപകർഷതാ ബോധവും

സോഷ്യൽ മീഡിയയിൽ, നിരവധി ഫിൽറ്ററുകൾക്കും എഡിറ്റുകൾക്കും വിധേയമായി പങ്കുവയ്ക്കപ്പെടുന്ന, പ്രെസൻറ്റബിൾ ആയ കോണ്ടന്‍റുകളെ, സ്വന്തം ജീവിതവുമായി താരതമ്യപ്പെടുത്തി നിരാശയും അസൂയയും കൊണ്ടു പുകയുന്ന മനുഷ്യരുണ്ട്. സോഷ്യൽ മീഡിയ ഒരുപാട് പേർക്ക് വരുമാനമാകുന്നുണ്ടെങ്കിലും, പങ്കു വയ്ക്കപ്പെടുന്ന പോപ്പുലർ കോണ്ടന്‍റുകൾക്ക് പിന്നിൽ കൃത്യമായ അജൻഡകളും സ്ഥാപിതതാത്പര്യങ്ങളുമുണ്ടെന്നു കാണാം. പരസ്യത്തിനു പകരമായി അവതരിപ്പിക്കുന്ന പെയ്ഡ് പ്രമോഷൻ വീഡിയോകൾ വിശ്വസനീയമായ സാക്ഷ്യം പറച്ചിലുകളായി പ്രേക്ഷകർക്ക് അനുഭവപ്പെടുന്നു.

‘ഡേ ഇൻ മൈ ലൈഫ്’ അല്ലെങ്കിൽ ‘ഗെറ്റ് റെഡി വിത് മി’ വീഡിയോകൾ നോക്കൂ: ചെറുപ്പക്കാരികളായ പെൺകുട്ടികൾ കാലത്തുണരുമ്പോൾ മുതൽ ഉറങ്ങുമ്പോൾ വരെ ഉപയോഗിക്കേണ്ടതായുള്ള നൂറു കണക്കിന് കോസ്‌മെറ്റിക് ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നു. പാചക വീഡിയോകളിലൂടെ അടുക്കളയിൽ ഉപയോഗിക്കുന്ന ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളുടെ ബ്രാൻഡിനെ പ്രൊമോട്ട് ചെയ്യുന്നു. പ്രസവ, ശിശുപരിചരണ വീഡിയോകളിലൂടെ ആവശ്യമുള്ളതും അനാവശ്യമായതുമായ നിരവധി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ കാണികളിലെത്തിക്കുന്നു.

ഇത്തരം പെയ്ഡ് പ്രൊമോഷനുകളും കാണികളുടേയും സബ്സ്ക്രൈബേഴ്സിന്‍റെയും എണ്ണവും പോസിറ്റീവും നെഗറ്റീവുമായ കമന്‍റെകളുമെല്ലാം വരുമാനമാകുമ്പോൾ അവിടെ എത്തിക്സ് അപ്രസക്തമാകുന്നു. ഇങ്ങനെയുണ്ടാക്കുന്ന പണം കൊണ്ട്, ഇടക്കിടെ വാങ്ങുന്ന കാറുകളും ലക്ഷ്വറി ഫ്ലാറ്റുകളും വിദേശ യാത്രകളും പുതിയ കോണ്ടന്റുകളായി മാറുന്നു. കാരണം, ഇഷ്ടം കൊണ്ടാണെങ്കിലും അസൂയ കൊണ്ടാണെങ്കിലും വെറുപ്പുകൊണ്ടാണെങ്കിലും അത് കാണുവാൻ ആളുകൾക്ക് ക്ഷാമമുണ്ടാവില്ലെന്നവർക്കറിയാം.

അന്ധമായ ആരാധന

സൗത്ത് കൊറിയൻ സീരീസുകളുടെയും പോപ്പ് ഗാനങ്ങളുടെയും ആരാധകരായ വലിയ കൂട്ടം ന്യൂ ജെൻ കുട്ടികളുണ്ട്. കൗമാരകാലത്ത് ഇത്തരം ആരാധന സാധാരണമാണെങ്കിലും അസാധാരണമായ എന്തോ ഒരു അഡിക്ഷനാണ് കെ സീരീസുകളോടും പോപ്പ് സിംഗേഴ്‌സിനോടുമുള്ളത്. കൊറിയൻ മേക്ക് അപ്പ് ഉപയോഗം മുതൽ കൊറിയൻ ഭാഷ പഠിക്കുക, കൊറിയനെ വിവാഹം കഴിക്കാനായി നാട്‌ വിട്ടു പോവുക, ആത്മഹത്യ ചെയ്യുക തുടങ്ങി ആശങ്കാജനകമായ പ്രവർത്തികളിലേക്ക് ഈ ആരാധന വളരുന്നു.

രക്ഷിതാക്കൾ ഫോൺ തടഞ്ഞു വച്ചതിനെത്തുടർന്ന് ഗാസിയാബാദിൽ പന്ത്രണ്ടും പതിനാലും പതിനാറും വയസുള്ള സഹോദരിമാർ ആത്മഹത്യ ചെയ്തതു വലിയ വാർത്തയായിരുന്നു. അവർ ഒരു കൊറിയൻ ഗെയിമിന് അഡിക്റ്റായിരുന്നു എന്ന് കണ്ടെത്തി.
മറ്റു സംസ്ഥാനങ്ങളിലും ഇത്തരം ഗെയിമുകളുടെ ഭാഗമായി കൗമാരപ്രായക്കാർ ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ വർഷം തുടക്കത്തിൽ, തന്റെ ഇൻസ്റ്റാഗ്രാം ഫ്രണ്ട് ആയ കൊറിയൻ യുവാവ് മരണപ്പെട്ടതിന്‍റെ ദുഃഖത്തിൽ പതിനാറു വയസുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ആരാധനയെ മുതലെടുക്കാൻ ഫേക്ക് ഐഡികളുമായി സൈബർ ഗ്രൂമേഴ്‌സും പതിയിരിക്കുന്നുണ്ട്.

ഡോപ്പമിൻ റഷ്

സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്തു പോകുമ്പോഴും തുടർച്ചയായി റീൽസ് കാണുമ്പോഴുമുണ്ടാകുന്ന ഡോപ്പമിൻ റഷ് അപകടകരമാണ്. കുഞ്ഞുങ്ങളിൽ സ്‌ക്രീൻ ടൈം കൂടുന്നതിനനുസരിച്ച് വിർച്വൽ ഓട്ടിസം, ADHD തുടങ്ങിയ പെരുമാറ്റ വൈകല്യങ്ങൾ കണ്ടു വരുന്നുണ്ട്. ഫോണിൽതന്നെ ചടഞ്ഞു കൂടിയിരിക്കുന്നത് പൊണ്ണത്തടി മുതൽ വിഷാദം വരെ പലവിധ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നു. അതിനെല്ലാം പുറമേ യഥാർഥ ലോകത്തിൽ നിന്നും ഒരു സങ്കൽപ്പ ലോകത്തിലേക്കുള്ള ഒളിച്ചോട്ടം കൂടി അവിടെ സംഭവിക്കുന്നു.

ഈ ഡെല്യൂഷനെ ക്യാപിറ്റലിസം ‘മുതലാ’ക്കുന്നു, അക്ഷരാർഥത്തിൽതന്നെ! “നിങ്ങൾക്ക് ഒരു സേവനം സൗജന്യമായി ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങളാണ് അതിലെ വില്പന വസ്തു”—അതേ, ഉപഭോക്താക്കളാണ് സോഷ്യൽ മീഡിയയിൽ വില്പനയ്ക്കു വച്ചിരിക്കുന്ന പ്രോഡക്റ്റ്. അവരിൽ നിന്ന് ലഭിക്കുന്ന ഡേറ്റ വലിയ തോതിൽ വിൽക്കപ്പെടുകയാണ്.
സോഷ്യൽ മീഡിയ നമ്മുടെ ബ്രൗസിംഗ് ഹിസ്റ്ററി ഉപയോഗിച്ച് എത്രത്തോളം നമ്മളെ മാനിപുലേറ്റ് ചെയ്യുന്നുണ്ടെന്നും നമ്മുടെ തീരുമാനങ്ങളെ മാറ്റിമറിക്കുന്നുണ്ടെന്നും വെളിവാക്കുന്ന ‘ദി സോഷ്യൽ ഡൈലമ’ പോലെയുള്ള നിരവധി ഡോക്യുമെന്‍ററികൾ ഇതിന്‍റെ ഭീകരത വെളിപ്പെടുത്തുന്നു.

എന്താണ് ഈ ഡെലൂലുവിനൊരു ‘സൊലൂലു’? അതിന് ആഴ്ചയിലൊരിക്കലുള്ള ഡിജിറ്റൽ ഡീറ്റോക്സ് മതിയാവില്ല. പകരം, ഡിജിറ്റൽ ലോകത്തിന്‍റെ ഭാഗമായിരിക്കുമ്പോഴും പ്രകൃതിയും മനുഷ്യരും മൃഗങ്ങളും പക്ഷികളും പ്രാണികളുമെല്ലാം നിറഞ്ഞ റിയൽ ലോകത്തിലേക്കുള്ള മനഃപൂർണമായ (mindful), മനഃപൂർവമായ (intentional) ഇറങ്ങിപ്പോക്കുകൾ സാധ്യമാക്കിക്കൊണ്ടേയിരിക്കണം. പച്ചമണ്ണിൽ പാദം തൊടണം, കാറ്റും വെളിച്ചവുമേൽക്കണം, സ്മൈലികൾക്കപ്പുറത്ത് മുഖത്തോടു മുഖം നോക്കി പുഞ്ചിരിക്കണം, സംസാരിക്കണം. പ്രിയപ്പെട്ടവർക്കൊപ്പം കൈപിടിച്ചു നടക്കണം. സോഷ്യൽ മീഡിയക്ക് നല്കാനാവുന്നതിനുമെത്രയോ ഇരട്ടി ഡോപ്പമിൻ നിങ്ങൾക്ക് ഗ്യാരന്‍റി!

Latest News

Corehub Up