ലോസ് ആഞ്ചലസ്: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരവും ലോകസിനിമയുടെ കേന്ദ്രമായ ഹോളിവുഡ് സ്ഥിതിചെയ്യുന്നതുമായ ലോസ് ആഞ്ചലസിന്റെ ഭരണസാരഥിയായി മലയാളിയായ നിത്യ രാമൻ. രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്പരപ്പിച്ച തെരഞ്ഞെടുപ്പു വിജയത്തിലൂടെയാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവും സിറ്റി കൗൺസിൽ അംഗവുമായ നിത്യ ചരിത്രത്തിലേക്ക് നടന്നുകയറിയത്.
നിലവിലെ മേയറും ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖ നേതാവുമായ കാരൻ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യയുടെ നേട്ടം. തെരഞ്ഞെടുപ്പിൽ 52.70 ശതമാനം വോട്ട് നിത്യ നേടിയപ്പോൾ കാരൻ ബാസിനു ലഭിച്ചത് 47.30 ശതമാനം വോട്ടാണ്. മുൻകാല തെരഞ്ഞെടുപ്പുകളിലൊന്നും പരാജയമറിയാത്ത നേതാവായിരുന്നു കാരൻ ബാസ്. അതുകൊണ്ടുതന്നെ നിത്യയുടെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സംഭവമായി മാറി. ലോസ് ആഞ്ചലസ് മേയർ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമാണ് നിത്യ.
തോൽവി അംഗീകരിച്ച കാരൻ ബാസ് സമൂഹമാധ്യമത്തിലൂടെ നിത്യയെ അഭിനന്ദിച്ചു. ഫോണിൽ വിളിച്ചും വിജയാശംസകൾ നേർന്ന അദ്ദേഹം അധികാര കൈമാറ്റം സുഗമമായി നടത്തുമെന്ന് ഉറപ്പുനൽകി. കേരളത്തിലെ തൃശൂരിൽ ജനിച്ച നിത്യ രാമൻ ഹാർവാഡ് സർവകലാശാലയിൽനിന്ന് ബിരുദവും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) നിന്ന് അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ലോസ് ആഞ്ചലസ് സിറ്റി കൗൺസിൽ അംഗമായിരുന്ന നിത്യ നഗരത്തിലെ ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് രാഷ്ട്രീയപ്രവർത്തനം നടത്തിയത്. താങ്ങാനാകുന്ന നിരക്കിലുള്ള ഭവനങ്ങൾ, കൂടുതൽ പാർക്കുകൾ, ഗതാഗത സൗകര്യങ്ങൾ, സുരക്ഷിതമായ നഗരജീവിതം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് വിജയത്തിനുശേഷം നിത്യ വ്യക്തമാക്കി. നഗരവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അവർ അറിയിച്ചു.
കണ്ണീരണിഞ്ഞ് നിത്യ
വിജയത്തിനുശേഷം ലോസ് ആഞ്ചലസിലെ ഒറിജിനൽ ഫാർമേഴ്സ് മാർക്കറ്റിനു പുറത്ത് മാധ്യമങ്ങളെ കണ്ട നിത്യ രാമൻ വികാരാധീനയായി. “ലോസ് ആഞ്ചലസിലെ ജനങ്ങളോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. നഗരത്തെ മഹത്തരമായ ഒരു ഭാവിയിലേക്ക് നയിക്കാൻ നമുക്ക് ഒന്നിച്ച് മുന്നോട്ടുപോകാം” -നിത്യ രാമൻ പ്രതികരിച്ചു.
നഗരത്തിലെ പാർപ്പിട പ്രതിസന്ധി, ഭവനരഹിതർക്കുള്ള സഹായങ്ങൾ, പൊതുസുരക്ഷ, അടിസ്ഥാനസൗകര്യ വികസനം, ഹോളിവുഡ് മേഖലയിലെ തൊഴിൽ സംരക്ഷണം എന്നിവ പരിഹരിച്ച് നഗരസഭയെ വലിയ മാറ്റങ്ങളോടെ പുനഃസംഘടിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് നിത്യ വ്യക്തമാക്കി. പ്രമുഖ ശതകോടീശ്വരൻ റിക്ക് കരുസോ ഉൾപ്പടെയുള്ളവർ നിത്യക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
കാട്ടുതീയും ജനവിധിയും
കഴിഞ്ഞ വർഷം ലോസ് ആഞ്ചലസിലുണ്ടായ വൻ കാട്ടുതീയും അതിനെത്തുടർന്നുണ്ടായ ദുരന്തങ്ങളുമാണ് തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായത്. ഡസൻകണക്കിന് ആളുകളുടെ ജീവനെടുക്കുകയും നിരവധി വീടുകൾ ചാമ്പലാക്കുകയും ചെയ്ത ദുരന്തസമയത്ത് മേയർ കാരൻ ബാസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും നഗരസഭയുടെ മോശം ഏകോപനവും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. വരാനിരിക്കുന്ന 2027 സൂപ്പർ ബൗൾ, 2028 സമ്മർ ഒളിമ്പിക്സ് എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കുകയെന്നതാണ് പുതിയ മേയറായ നിത്യ രാമന് മുന്നിലുള്ള പ്രധാന ചുമതല.
രാഷ്ട്രീയ അടിത്തറ പാകിയത് ചെന്നൈയിൽ
നിത്യ രാമന്റെ ചരിത്രവിജയത്തിനു പിന്നിൽ ചെന്നൈയിൽനിന്ന് ആർജിച്ച പ്രവർത്തനപരിചയത്തിനും അനുഭവങ്ങൾക്കും നിർണായക പങ്ക്. നഗരത്തിലെ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ നേരിട്ടറിഞ്ഞും അവ പരിഹരിക്കാൻ ജനകീയ ഇടപെടലുകൾ നടത്തിയും രൂപപ്പെടുത്തിയ രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് പിന്നീട് അമേരിക്കൻ രാഷ്ട്രീയത്തിൽ നിത്യയ്ക്ക് കരുത്തായത്.
തിരുവനന്തപുരത്ത് കെൽട്രോൺ ഉദ്യോഗസ്ഥനായിരുന്ന ആർ.വെങ്കട്ടരാമന്റെയും ഇന്ത്യൻ ഓവർസീസ് ബാങ്ക് മുൻ ഉദ്യോഗസ്ഥ സുധയുടെയും മകളായ നിത്യ ആറാം വയസിലാണ് കുടുംബത്തോടൊപ്പം യുഎസിലെ മാസച്യുസറ്റ്സിലുള്ള ബേളിംഗ്ടനിലെത്തിയത്. ഹാർവഡ് യൂണിവേഴ്സിറ്റിയിൽനിന്ന് സോഷ്യൽ സ്റ്റഡീസിൽ ബിരുദമെടുത്ത കാലത്താണ് സഹപാഠി വാലി ചന്ദ്രശേഖരനുമായി പ്രണയത്തിലായതും പിന്നീട് വിവാഹം കഴിച്ചതും.
ഹാർവാഡ് സർവകലാശാലയിലെയും മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും (എംഐടി) പഠനത്തിനുശേഷം 2010 മുതൽ 2013 വരെ ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പാർക്കിലെ സെന്റർ ഫോർ ഡെവലപ്മെന്റ് ഫിനാൻസിന്റെ ഭാഗമായി 2010ൽ നിത്യ ആരംഭിച്ച ജനകീയ ഗവേഷണ സംരംഭമായിരുന്നു ‘ട്രാൻസ്പരന്റ് ചെന്നൈ’.
ഭർത്താവ് തമിഴ് വംശജനായ വാലി ചന്ദ്രശേഖരൻ ടിവി രംഗത്ത് തിരക്കഥാകൃത്തും നിർമാതാവുമാണ്. ഇവർക്ക് പത്തുവയസുള്ള ഇരട്ടക്കുട്ടികളുണ്ട്: കർണയും കാവേരിയും.