വ്യാഴാഴ്ച രാവിലെ പത്തരയോടെ എറണാകുളം വൈറ്റിലയിലെ വീടിനു മുകളിൽ കേട്ട ഇരമ്പൽ ഏതു വിമാനത്തിന്റേതായിരുന്നു എന്നറിയാൻ വിമാന ട്രാക്കിംഗ് സൈറ്റായ ഫ്ളൈറ്റ്റഡാർ 24 ഒന്നു റീപ്ലേ ചെയ്തു നോക്കിയപ്പോഴാണ് നിനച്ചിരിക്കാതെ ഒരു ദുരൂഹതയുടെ തുമ്പ് ഉയർന്നുവന്നത്.
രാവിലെ ഒന്പതിനും പത്തിനും പതിനൊന്നിനുമൊന്നും വൈറ്റിലയ്ക്കു മുകളിൽ ഒരു വിമാനവും താഴ്ന്നു പറന്നിട്ടില്ലെന്നു മനസിലായ തെരച്ചിലിനിടെയാണ്, പത്തേകാലോടെ ചെറായിക്കു സമീപം അയ്യമ്പിള്ളി സെന്റ് കുര്യാക്കോസ് ചാപ്പലിനു കിഴക്ക്, രണ്ടായിരം അടിപ്പൊക്കത്തിൽ മണിക്കൂറിൽ 229 കിലോമീറ്റർ വേഗത്തിൽ തെക്കോട്ടു പറന്ന ചെറുവിമാനം കണ്ണിൽപ്പെട്ടത്.
റജിസ്ട്രേഷൻ അമേരിക്കനാണ് എൻ3939ജി. 1967ൽ നിർമിച്ച സെസ്ന ടർബോ സൂപ്പർ സ്കൈവാഗൺ.
10.18ന് അമരാവതി റോഡ് കുറുകെ കടക്കുന്നതിനിടെ ഒന്ന് അപ്രത്യക്ഷമായി. പിന്നെ ഒരു മണിയോടെ തലയാഴത്തിനും കല്ലറയ്ക്കുമിടയിൽ വീണ്ടും പ്രത്യക്ഷമായി പനങ്ങാടിനും കുമ്പളത്തിനുമെല്ലാം മീതേ വീണ്ടും വടക്കോട്ടുപറന്ന് 1.12ന് ഇടക്കൊച്ചിക്കും കുമ്പളത്തിനുമിടയിലെ കായലിനുമുകളിൽ വീണ്ടും കാണാതായ വിമാനത്തെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചതിന്റെ പ്രധാന കാരണം അമേരിക്കൻ രജിസ്ട്രേഷൻ തന്നെയായിരുന്നു.
57 കൊല്ലം പഴക്കമുള്ള, ആറു സീറ്റുള്ള ഈ ചെറു വിദേശവിമാനം കൊച്ചിയിൽ രണ്ടായിരം അടിപ്പൊക്കത്തിൽ ചുറ്റിക്കറങ്ങുന്നതെന്തിനായിരിക്കുമെന്ന ചെറിയൊരു കൗതുകവും. അങ്ങനെ തപ്പിയെടുത്ത, വിമാനത്തിന്റെ കഴിഞ്ഞ ഒരു കൊല്ലത്തെ പറക്കൽരേഖകളിലുണ്ടായിരുന്നത് സമാന്യം കൊള്ളാവുന്ന ഒരു സമസ്യ.
കൊച്ചിയിൽ ചുറ്റിയടിക്കുന്നതിനു നാലുദിവസം മുമ്പ്, തമിഴ്നാട്ടിലെ ഡിണ്ടിഗലിലും മധുരയിലും, ജനുവരി 21ന് ചെന്നൈയിലും ഈറോഡിലും 19ന് ബംഗളുരുവിലും പരിസരത്തും പതിനെട്ടിന് ഗുജറാത്തിലെ ഭാവ്നഗർ മുതൽ നവിമുംബൈയ്ക്ക് കിഴക്കുഭാഗം വരെയും റോന്തു ചുറ്റിയിരുന്ന വിമാനത്തിന്റെ കഴിഞ്ഞ കൊല്ലത്തെ അവസാനത്തെ പറക്കൽ ഗുജറാത്തിലെ ഭാവ്നഗറിനും ഭാരുച്ചിനും ഇടയിലുള്ള പ്രദേശത്തായിരുന്നു. നവംബർ 16ന്. അതിനു രണ്ടുദിവസം മുമ്പ്, നവംബർ 14ന് വിമാനം അമേരിക്കയിലായിരുന്നു.
വിമാനമല്ലേ, പറക്കുകയല്ലേ എന്നൊക്കെ ആദ്യം തോന്നിയെങ്കിലും, രണ്ടുദിവസംകൊണ്ട് ഈ ഇത്തിരിക്കുഞ്ഞന് അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്താൻ കഴിയുമോ എന്ന സംശയംകൊണ്ട് ചെറിയൊരു ഗവേഷണം നടത്തിനോക്കി. സെസ്ന ടർബോ സൂപ്പർ സ്കൈവാഗണ് നിർത്താതെ പറക്കാൻ കഴിയുന്ന പരമാവധി ദൂരം 1350 കിലോമീറ്ററാണ്. ഡെൻവറിൽനിന്ന് ഗുജറാത്തിലേക്കുള്ള ഏകദേശദൂരം 12960 കിലോമീറ്ററും. വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 268 കിലോമീറ്റർ.
ഡെൻവർ, അലാസ്ക, റഷ്യ, കസാഖിസ്ഥാൻ, പാക്കിസ്ഥാൻ വഴി, ഇന്ധനം നിറയ്ക്കാൻ ഇടയ്ക്ക് 10-12 സ്ഥലത്ത് ഇറങ്ങി, വിമാനം ഗുജറാത്തിലെത്താൻ 65 മണിക്കൂറെങ്കിലും വേണമെന്നാണ് ഈ കണക്കുകളുടെ അർഥം.
എന്നാൽ ഫ്ളൈറ്റ് റഡാർ പ്രകാരം, 14ന് വൈകിട്ട് ആറിന് (രാജ്യാന്തര സമയം) വിമാനം ഡെൻവറിലുണ്ടായിരുന്നു. പിന്ന കാണുന്നത് പതിനാറിന് വെളുപ്പിനെ രണ്ടു മണിക്ക്. വിമാനത്തിന് ഇന്ത്യയിലെത്താൻ കിട്ടിയ പരമാവധി സമയം 32 മണിക്കൂർ. വിമാനം അമേരിക്കയിൽനിന്ന് ഇങ്ങനെ പറന്ന് ഇവിടെ എത്തിയിട്ടില്ല എന്ന് വ്യക്തമായതോടെ, 2025ലെ ബാക്കി പറക്കൽ വിവരങ്ങൾ കൂടി എന്തായാലും പരിശോധിക്കാമെന്നു കരുതി.
അവിടെയാണ് അടുത്ത അത്ഭുതം കാത്തിരുന്നത്. ട്രാക്കിംഗ് രേഖകൾ പ്രകാരം, ഈ വിമാനം 2025 നവംബർ പത്തിന് രാവിലെ ഏഴേകാലിന് ബംഗളുരുവിൽനിന്ന് പറന്നുയർന്നിട്ടുണ്ട്. വൈകിട്ട് നാലുമണിയോടെ ഗുജറാത്ത് ധൊലേറ വിമാനത്തവളത്തിലെത്തി. എന്നാൽ വെറും ഒൻപതേകാൽ മണിക്കൂറിനുശേഷം, പതിനൊന്നിനു രാത്രി ഒന്നേകാലിന്, വിമാനം അമേരിക്കയിലെ ഡെൻവർ രാജ്യാന്തര വിമാനത്തവളത്തിൽ ഇറങ്ങിയിട്ടുമുണ്ട്.
കുമ്പിടി?
വിമാനത്തിന്റെ പേരിൽ ഒരു "സൂപ്പർ’ ഉണ്ടെങ്കിലും ഈ വിമാനത്തിന് അമാനുഷിക ശക്തികളൊന്നുമില്ലെന്ന ഉറപ്പുള്ളതുകൊണ്ട് വീണ്ടും നടത്തിയ അന്വേഷണം കൊണ്ടെത്തിച്ചത് വിമാന ട്രാക്കിംഗിലെ പലതരം കൺകെട്ടുകളിലേക്കാണ്.
ആദ്യം വ്യക്തമായ കാര്യം, കൊച്ചിയിൽ വ്യാഴാഴ്ചയും അതിനും മുന്നേയുള്ള ആഴ്ചകളിലും മാസങ്ങളിലുമൊക്കെ കർണാടകയിലും തമിഴ്നാട്ടിലും ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ ചുറ്റിയടിക്കുന്നതായി കണ്ട വിമാനവും, ട്രാക്കിംഗ് സൈറ്റുകൾ കാണിച്ചുതന്ന, എൻ3939ജി എന്ന അമേരിക്കൻ രജിസ്ട്രേഷനുള്ള സെസ്ന ടർബോ സൂപ്പർ സ്കൈവാഗൺ വിമാനവും രണ്ടാണ് എന്നതാണ്.
ഡെൻവറിൽ റജിസ്റ്റർ ചെയ്ത ത്രീ നയനർ ഗൾഫ് എന്ന കമ്പനിയുടേ ഉടമസ്ഥതയിലുള്ള സെസ്ന വിമാനം മിക്കവാറും ഒരിക്കൽപോലും ഇന്ത്യയിൽ എത്തിയിട്ടുണ്ടാവില്ല. അപ്പോൾ പിന്നെ കൊച്ചിയിൽ ആ പേരിൽ ഒരു വിമാനം പറന്നതോ?
വിമാനം നിർമിച്ചു പുറത്തിറക്കുമ്പോൾതന്നെ അതിനുനൽകുന്ന 24 ബിറ്റ് ഹെക്സ്കോഡ് എന്ന തിരിച്ചറിയൽ രേഖയാണ് ഇതിന്റെ അടിസ്ഥാന കാരണം. റജിസ്ട്രേഷനുകൾ മാറിവന്നാലും ഈ കോഡ് സ്ഥിരമായതിനാൽ, ട്രാക്കിംഗ് സൈറ്റുകൾ വിമാനത്തെ തിരിച്ചറിയാൻ ഇതാണ് പ്രാഥമികമായി ഉപയോഗിക്കുക.
എ49188 എന്നതായിരുന്നു നമ്മുടെ വിമാനം കാണിച്ചിരുന്ന ഹെക്സ് കോഡ്. ഏതെങ്കിലും വിമാനത്തിന്റെ ട്രാൻസ്പോണ്ടർ, എന്തെങ്കിലും കാരണത്താൽ തന്റേതല്ലാത്ത ഹെക്സ്കോഡ് പ്രക്ഷേപണം ചെയ്താൽ ട്രാക്കിംഗ് സൈറ്റുകളെല്ലാം വിമാനത്തെ തെറ്റായി മനസിലാക്കുകയേയുള്ളു.
നമ്മുടെ വിമാനം ട്രാൻസ്മിറ്റ് ചെയ്തിരുന്ന എ49188 ഹെക്സ്കോഡുമായി ലിങ്കു ചെയ്തിട്ടുള്ളത് അമേരിക്കയിലെ ഒരു സെസ്ന വിമാനമായതിനാൽ, കൊച്ചിയിൽ പറക്കുന്നതായി ട്രാക്കിംഗ് സൈറ്റുകൾ ആ വിമാനംതന്നെ കാണിച്ചുതരികയായിരുന്നു.
അപ്പോൾ ശരിക്കുമുള്ള വിമാനം ഏതായിരുന്നു, ആരുടേതായിരുന്നു എന്ന ചോദ്യങ്ങൾ ശേഷിക്കുന്നുണ്ട്.
വിമാനം ഇന്ത്യയിൽ പറക്കുന്നതായി കണ്ട സ്ഥലങ്ങളും, വിമാനം താഴ്ന്നു പറന്നുകൊണ്ടിരുന്നതും (2000- 3000 അടി), എല്ലാ പറക്കൽ പാതകളുടെ അടുത്തും വിമാനത്താവളങ്ങളുണ്ടായിരുന്നതും, ഇത് വിമാനത്താവള അഥോറിറ്റിയുടെ സർവേ, കാലിബ്രേഷൻ വിമാനമായിരുന്നിരിക്കാനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുന്നുണ്ട്. അങ്ങനെയാണെങ്കിൽ, എഎഐയുടെ കിംഗ് എയർ 350, കിംഗ് എയർ 360ഇആർ, ഡോണിയർ 228 എന്നീ കാലിബ്രേഷൻ വിമാനങ്ങിലേതെങ്കിലുമൊന്നായിരിക്കാം, അമേരിക്കയിലെ സെസ്ന ടർബോ സൂപ്പർ സ്കൈവാഗൺ ചമഞ്ഞ് പറന്നുകെണ്ടിരുന്നത്.
.