തിരുവനന്തപുരം: ഗുണ്ടാലിസ്റ്റിലുള്ള വ്യക്തിയുമായി അടുത്തബന്ധം പുലർത്തിയതിന് ഡിവൈഎസ്പിയടക്കം നാല് പൊലിസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിക്ക് സർക്കാർ ഉത്തരവിട്ടു. ഡിവൈഎസ്പി നന്ദകുമാർ, സീനിയർ സിപിഒ സുകേഷ് രാജ്, എസ്ഐ ജി.യു. ദിനു, ഗ്രേഡ് എഎസ്ഐ ഹരികൃഷ്ണൻ എന്നിവർക്കെതിരേയാണ് അന്വേഷണം. പൊലിസ്, ക്രൈംബ്രാഞ്ച് മേധാവിമാരുടെ റിപ്പോർട്ട് അംഗീകരിച്ചാണിത്.
ഗുണ്ടാ ലിസ്റ്റിലുള്ള ശരത്തിന്റെ അനധികൃത മണ്ണുകടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൊലിസ് ഉദ്യോഗസ്ഥർ സഹായം നൽകിയതായി ആരോപണമുയർന്നിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ നിർദേശപ്രകാരം കൊല്ലത്തെ ക്രൈംബ്രാഞ്ച് സൂപ്രണ്ട് നടത്തിയ രഹസ്യാന്വേഷണത്തിൽ, ശരത്തും നാല് പൊലിസ് ഉദ്യോഗസ്ഥരും തമ്മിൽ നിരന്തരമായ ഫോൺ ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തി.