ഫരീദാബാദ്: കുടുംബവഴക്കിനെ തുടർന്ന് ആറുമാസം ഗർഭിണിയായ 24-കാരിയെ ഭർത്താവ് ബക്കറ്റിലെ വെള്ളത്തിൽ തലമുക്കി ക്രൂരമായി കൊലപ്പെടുത്തി. ഫരീദാബാദിലെ പഞ്ചശീൽ കോളനിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബീഹാർ മുസാഫർപൂർ സ്വദേശിനിയായ നേഹ കുമാരി (26) ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിയായ ഭർത്താവ് അമിത് ഗുപ്ത സംഭവത്തിന് ശേഷം ഒളിവിലാണ്.
കഴിഞ്ഞ വർഷം ഏപ്രിൽ 30-നായിരുന്നു ഇവരുടെ വിവാഹം. ഒരു മാസം മുൻപാണ് ഇവർ പുതിയ വീട്ടിലേക്ക് താമസം മാറിയത്. വ്യാഴാഴ്ച രാവിലെ ദമ്പതികൾ തമ്മിൽ കടുത്ത തർക്കമുണ്ടാവുകയും, തുടർന്ന് നേഹയെ ക്രൂരമായി മർദിച്ച ശേഷം ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ തലമുക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് ശേഷം അമിത് അലിപൂരിലുള്ള തന്റെ അമ്മാവനെ ഫോണിൽ വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ മുങ്ങുകയായിരുന്നു. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പല്ല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഫോറൻസിക് ടീമും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സിവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.