ഗാന്ധിനഗർ (കോട്ടയം): നവജാത ശിശുവിന്റെ ശരീരത്തിൽ സൂചികയറിയത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചല്ലെന്ന് ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രെഡറിക്ക് പോൾ.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നവജാത ശിശുവിന്റെ ശരീരത്തിൽ സൂചികയറിയെന്നും ഗുരുതര ചികിത്സാ പിഴവ് ഉണ്ടായെന്നും പരാതി ഉയർന്നിരുന്നു.
എൻഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശരീരത്തിൽ തറച്ചു കയറിയ സൂചിയുടെ വേദന തിന്ന് കുട്ടി ഒരു വർഷം കഴിച്ചുകൂട്ടിയെന്നാണ് പരാതി.
കോട്ടയം മെഡിക്കൽ കോളജിൽ കുട്ടി ചികിത്സയിലിരിക്കുമ്പോൾ മാതാവ് കുട്ടിയുടെ ശരീരത്തിലെ തടിപ്പ് ചൂണ്ടിക്കാട്ടിയപ്പോൾ ഇവിടെ കുട്ടിയെ സ്കാനിംഗിന് വിധേയമാക്കിയിരുന്നു. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ചികിത്സാ പിഴവുകളും സംഭവിച്ചിട്ടില്ല.
നിലവിൽ ഒരു വർഷത്തിനു ശേഷമാണ് കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തുകയും എടുക്കുകയും ചെയ്തത്. ഇതിനിടെ ഇവർ മറ്റു സ്ഥലങ്ങളിൽ ചികിത്സയ്ക്ക് പോയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഡോ. ഫ്രെഡറിക്ക് പോൾ പറഞ്ഞു.