വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് നായകൻ റോവ്മാൻ പവൽ ബാറ്റ് കൊണ്ട് മാത്രമല്ല, സംസാരം കൊണ്ടും ഇന്ത്യൻ ആരാധകരുടെ മനം കവരുകയാണ്. ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ഇൻസ്റ്റാഗ്രാം റീലിൽ തനി നാടൻ ശൈലിയിൽ ഹിന്ദി സംസാരിച്ചാണ് പവൽ ഏവരെയും അമ്പരപ്പിച്ചത്.
ഉള്ളടക്ക നിർമ്മാതാവായ സൗരവ് ഹൽദാർ പങ്കുവെച്ച വീഡിയോയിൽ, ശ്രീലങ്കയിലും ഇന്ത്യയിലുമായി മുൻപ് വിൻഡീസ് നേടിയ ലോകകപ്പ് വിജയങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു.
ഈ ടൂർണമെന്റിൽ ഇന്ത്യക്കെതിരെ സിക്സറുകൾ അടിക്കുന്നത് കുറയ്ക്കണമെന്ന് സൗരവ് തമാശയായി ആവശ്യപ്പെട്ടപ്പോൾ, താൻ കളം നിറഞ്ഞാടുമെന്നും പന്ത് സ്റ്റേഡിയത്തിന് പുറത്തെത്തിക്കുമെന്നുമാണ് പവൽ ഹിന്ദിയിൽ മറുപടി നൽകിയത്.
"എല്ലാ പന്തും അടിക്കും, കറക്കി കറക്കി അടിക്കും" എന്ന പവലിന്റെ രസകരമായ പ്രതികരണം ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായിക്കഴിഞ്ഞു.പവൽ ഐപിഎല്ലിൽ പ്രതിനിധീകരിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഈ തമാശയിൽ പങ്കുചേർന്നു.
ഈ ബാറ്റിംഗ് വെടിക്കെട്ട് ഐപിഎൽ വരെ ഒന്ന് മാറ്റിവെക്കണമെന്നും അവിടെ എത്ര വേണമെങ്കിലും അടിച്ചു തകർക്കാമെന്നുമാണ് ഫ്രാഞ്ചൈസി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
സിംബാബ്വെക്കെതിരെ വാങ്കഡെയിൽ നടന്ന മത്സരത്തിൽ 35 പന്തിൽ നിന്ന് 59 റൺസ് അടിച്ചുകൂട്ടിയ പവലിന്റെ മികവിൽ വിൻഡീസ് 254 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു.
107 റൺസിന്റെ വമ്പൻ ജയം നേടിയ വിൻഡീസ് മികച്ച ഫോമിലാണെന്നത് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും ഒരുപോലെ വെല്ലുവിളിയാണ്. അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിന് തൊട്ടുമുൻപാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഈ മത്സരഫലം സെമി ഫൈനൽ സാധ്യതകളിൽ ഇന്ത്യക്കും നിർണായകമാണ്. ദക്ഷിണാഫ്രിക്ക വിജയിക്കുകയും ഇന്ത്യ തങ്ങളുടെ മത്സരങ്ങൾ ജയിക്കുകയും ചെയ്താൽ റൺറേറ്റിന്റെ ഭയമില്ലാതെ തന്നെ നീലപ്പടയ്ക്ക് മുന്നേറാം.
എന്നാൽ പോയിന്റ് നിലയിൽ ടീമുകൾ ഒപ്പത്തിനൊപ്പം എത്തിയാൽ മാത്രമേ ഇന്ത്യക്ക് റൺറേറ്റ് വെല്ലുവിളിയാവുകയുള്ളൂ. പവലിന്റെ ബാറ്റിംഗ് കരുത്തും വിൻഡീസിന്റെ കുതിപ്പും ടൂർണമെന്റിനെ ആവേശകരമായ ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.