ബ്രിട്ടീഷ് തെരുവുകളിലൂടെ സുഗമമായി ഓടിപ്പായുന്ന ഒരു ഓട്ടോറിക്ഷയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമാകുന്നു. വ്യവസായ പ്രമുഖനായ ആനന്ദ് മഹീന്ദ്ര എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ച ഈ അപൂർവ കാഴ്ച ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.
ലണ്ടനിലെ റോഡിൽ മഹീന്ദ്രയുടെ സ്വന്തം ഓട്ടോറിക്ഷ എത്തിയെന്ന സന്തോഷം ഗുജറാത്തി ഭാഷയിലാണ് അദ്ദേഹം അടിക്കുറിപ്പായി പങ്കുവെച്ചത്.
ഇന്ത്യയിലെ തിരക്കേറിയ നഗരവീഥികളിൽ നിത്യക്കാഴ്ചയായ മൂന്നുചക്ര വാഹനം യുകെയിലെ വ്യത്യസ്തമായ അന്തരീക്ഷത്തിൽ കണ്ടത് വിദേശത്തുള്ള മലയാളികളടക്കമുള്ള ഇന്റർനെറ്റ് ലോകത്ത് കൗതുകവും അഭിമാനവും ഉണർത്തിയിട്ടുണ്ട്.
വീഡിയോ പുറത്തുവന്നതോടെ രസകരമായ ഒട്ടനവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ബ്രിട്ടന്റെ പണ്ടത്തെ കൊളോണിയൽ ഭരണത്തെ ഓർമ്മിപ്പിച്ചുകൊണ്ട് 'റിവേഴ്സ് കൊളോണിയലിസം' എന്ന തരത്തിലുള്ള തമാശകളാണ് പലരും പങ്കുവെക്കുന്നത്.
പണ്ട് ഇന്ത്യയിൽ നിന്നും യുകെയിലെത്തിയ പ്രശസ്തമായ തേയിലയ്ക്ക് ശേഷം ബ്രിട്ടീഷ് മണ്ണിലേക്ക് കടന്നുചെന്ന ഏറ്റവും ആത്മവിശ്വാസമുള്ള ഉൽപ്പന്നമാണ് ഈ ഓട്ടോറിക്ഷയെന്ന് ചിലർ അഭിപ്രായപ്പെടുന്നു.
ഇതിനിടയിൽ ഇന്ത്യയിലെ ഓട്ടോ ഡ്രൈവർമാരുടെ ഡ്രൈവിംഗ് രീതികളെ തമാശരൂപേണ ഓർമ്മിപ്പിച്ചുകൊണ്ട്, വെറുതെ കൈകാണിക്കാതെ കൃത്യമായി ഇൻഡിക്കേറ്റർ ഉപയോഗിക്കാൻ ഡ്രൈവർമാർക്ക് ഉപദേശം നൽകണമെന്ന് കുറിച്ചവരുമുണ്ട്.
എന്നാൽ ഇത്തരം വാഹനങ്ങൾ നഗരങ്ങളുടെ കാഴ്ചാഭംഗിയെ ബാധിക്കുമെന്ന തരത്തിലുള്ള ചില വിമർശനങ്ങളും പോസ്റ്റിന് താഴെ ഉയർന്നു കേൾക്കുന്നുണ്ട്. ഏതായാലും സമ്മിശ്ര പ്രതികരണങ്ങളോടെ ഈ കുഞ്ഞു വാഹനം ഇപ്പോൾ യുകെ റോഡുകളിൽ ട്രെൻഡിംഗായി തുടരുകയാണ്.