പുനലൂർ: ശബരിമല തീർഥാടകർ നിരവധിയായി എത്തുന്ന ശബരിമല ഇടത്താവളമായ നെല്ലിപ്പള്ളി മഹാദേവക്ഷേത്രം, മിനിപമ്പ, സ്നാനഘട്ടം എന്നിവടങ്ങളിൽ സന്ദർശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ രാജു.
പ്രധാന ഇടത്താവളമായ നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന ശൗചാലയ നിർമാണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും. ക്ഷേത്രത്തിൽ അയ്യപ്പന്മാർക്ക് വിരിവെക്കുന്നതിനായി നിർമിച്ച നടപ്പന്തലിലേക്ക് പോകുന്ന ഭാഗത്ത് തറയോട് പാകുന്ന ജോലികൾ ഉടൻ പൂർത്തിയാക്കും. തീർഥാടകർ ധാരാളമായി തങ്ങുന്ന മിനി പമ്പയിൽ നഗരസഭയുടെ നേതൃത്വത്തിൽ ഇന്നുമുതൽ ടിബി ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി തീർഥാടകർക്ക് വേണ്ടുന്ന കുടിവെള്ളം, വിശ്രമത്തിനുള്ള സൗകര്യം ഉൾപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിനായി ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കുമെന്ന് നഗരസഭ ചെയർപെഴ്സൺ എം.എ. രാജഗോപാൽ ദേവസ്വം ബോർഡ് അംഗത്തെ അറിയിച്ചു.
ടിബി ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള താത്കാലിക കടകൾ ദേശീയപാതയിലേക്ക് കടക്കാത്ത നിലയിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേകം അളന്ന് നൽകിയിട്ടുണ്ട്. കടകളിൽനിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കും അലക്ഷ്യമായി വലിച്ചെറിയരുതെന്ന് വ്യാപാരികളോട് ദേവസ്വം ബോർഡ് അംഗം നിർദേശം നൽകി. ഇവിടെ നിന്നുള്ള മാലിന്യങ്ങൾ നഗരസഭാ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ സംഭരിക്കും.
കല്ലട സമീപത്തെ സ്നാനഘട്ടത്തിൽ അയ്യപ്പന്മാർക്ക് സ്നാനം ചെയ്യുന്നതിനും, വിരിവക്കുന്നതിനും സംവിധാനം ഒരുക്കി.
ഡിടിപിസി യുടെ നെതൃത്വത്തിൽ കല്ലടയാറ്റിൽ സുരക്ഷിതമായി സ്നാനം ചെയ്യുന്നതിനുള്ള ഭാഗം പ്രത്യേകമായി സജീകരിക്കാൻ നിർദ്ദേശം നൽകി.ഇവിടെ എട്ട് ശൗചാലയങ്ങൾ നിലവിൽ പ്രവർത്തന സജ്ജമാണ്. ആവശ്യമെങ്കിൽ കൂടുതൽ ബയോ ടോയ്ലറ്റ് സ്ഥാപിക്കുന്നതിനും നിർദ്ദേശം നൽകി. സുഭിക്ഷ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ എംഎ രാജഗോപാൽ, വൈസ്ചെയർപേഴ്സൺ കെ.പ്രഭ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ. രാജശേഖരൻ, സുഭാഷ് ജി. നാഥ്, ടി. അനിത, വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.