ചിറ്റാരിക്കാൽ: എറണാകുളം നഗരമധ്യത്തിലുള്ള മംഗളവനം പോലെ ഇപ്പോൾ ചിറ്റാരിക്കാൽ ടൗണിന്റെ ഹൃദയഭാഗത്ത് ഒരു സ്വകാര്യ വനഭൂമിയുണ്ട്. പരമ്പരാഗത കർഷകനായ കാവുംപുറത്ത് സെബാസ്റ്റ്യൻ എന്ന ദേവസ്യാച്ചൻ കഴിഞ്ഞ 35 വർഷമായി സ്വന്തം അധ്വാനത്തിലൂടെ നട്ടു പരിപാലിക്കുന്ന മരങ്ങൾ നിറഞ്ഞ നാലേക്കർ ഭൂമി. ചെറുതും വലുതുമായ രണ്ടായിരത്തിലധികം മരങ്ങൾ വളർന്നുവന്ന് ഈ സ്ഥലം ഇപ്പോൾ സർക്കാരിന്റെ മിയാവാക്കി വനങ്ങളെയും പച്ചത്തുരുത്തുകളെയും അതിശയിപ്പിക്കുന്ന തരത്തിൽ ഹരിതസമൃദ്ധമാണ്.
ഒരുകാലത്ത് തെങ്ങും കമുകും നിറഞ്ഞുകായ്ച്ചിരുന്ന കൃഷിഭൂമിയായിരുന്നു ഇവിടം. കാലപ്പഴക്കം കൊണ്ടും വിവിധ രോഗങ്ങളാലും അവയോരോന്നായി നശിക്കാൻ തുടങ്ങിയപ്പോഴാണ് ദേവസ്യാച്ചൻ മഹാഗണിയും തേക്കും പ്ലാവും മറ്റും നട്ടുവളർത്താൻ തുടങ്ങിയത്.
ചിറ്റാരിക്കാൽ ടൗണിനു സമീപം വലിയ മാർക്കറ്റ് വിലയുള്ള ഭൂമിയിൽ വൃക്ഷത്തൈകൾ നടുന്നതിനെ വിമർശിച്ചവരും അന്ന് ഏറെയുണ്ടായിരുന്നു. പക്ഷേ പലവിധ കാരണങ്ങൾകൊണ്ട് കൃഷി തുടർന്നുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് അന്ന് മരത്തൈകൾ നട്ടതെന്ന് ദേവസ്യാച്ചൻ പറയുന്നു.
ഇപ്പോൾ സമീപ പ്രദേശങ്ങളിൽ പലരും കൃഷിചെയ്യാതെ വച്ച ഭൂമി വെറുതേ കാടുപിടിച്ച് ഒന്നിനും കൊള്ളാതെ കിടക്കുമ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങളാണ് ദേവസ്യാച്ചന്റെ പറമ്പിലുള്ളത്. ആദ്യകാലത്ത് നട്ട മരങ്ങളിൽ പലതും ഇപ്പോൾ ആകാശം മുട്ടെ വളർന്നുപന്തലിച്ചു. അന്നു നട്ട മഹാഗണി മരങ്ങളിലൊന്ന് അടുത്തിടെ തോമാപുരം പള്ളിയുടെ വൈദികമന്ദിര നിർമാണത്തിനുവേണ്ടി ദേവസ്യാച്ചൻ സംഭാവന ചെയ്തിരുന്നു.
സർക്കാർ സംവിധാനങ്ങളുടെയൊന്നും സഹായമില്ലാതെയാണ് ദേവസ്യാച്ചൻ ഈ വനം നട്ടു പരിപാലിച്ചത്. ആദ്യകാലത്ത് പല സ്ഥലങ്ങളിൽ നിന്നു തലച്ചുമടായി തൈകൾ കൊണ്ടുവന്നാണ് നട്ടത്. അതിനുശേഷം വനം വകുപ്പിന്റെയും വിവിധ സംഘടനകളുടെയും പുരസ്കാരങ്ങൾ ഈ കർഷകനെ തേടിയെത്തി. ഇപ്പോൾ ഈ വനം കാണാനും ചിത്രങ്ങളെടുക്കാനും ദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർഥികളും സഞ്ചാരികളുമെല്ലാം എത്തുന്നുണ്ട്. വേനൽച്ചൂടിൽ ആശ്വാസത്തിനായും നിരവധി പേർ ഇവിടെയെത്തുന്നു. ഭാര്യ ബിജിയും മക്കൾ ബാങ്ക് ഉദ്യോഗസ്ഥനായ വിപിനും ഐടി മേഖലയിൽ ജോലിചെയ്യുന്ന ബിന്ദുവും അധ്യാപകരായ അനുവും ബിനുവും മറ്റു കുടുംബാംഗങ്ങളും ദേവസ്യാച്ചന് നിറഞ്ഞ പിന്തുണയുമായി ഒപ്പമുണ്ട്.