ചവറ: പൊന്മന കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രത്തില്‍ 12 ദിവസത്തെ വൃശ്ചികോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തുറവൂര്‍ പി. ഉണ്ണിക്കൃഷ്ണന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറി.
തുടര്‍ന്ന് നാല്‍പ്പതോളം കലാകാരന്മാര് അണിനിരത്ത പഞ്ചാരിമേളവും അരങ്ങേറി. ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.അനില്‍ ജോയി അധ്യക്ഷനായി. ചലച്ചിത്ര സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ മുഖ്യാതിഥിയായി.
തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് , ക്ഷേത്രം സെക്രട്ടറി പി. സജി, അസിസ്റ്റന്റ് സെക്രട്ടറി എസ്. ദിനേശ് ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ചടങ്ങിനോടനുബന്ധിച്ച് ചികിത്സാ സഹായ വിതരണവും, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു.
ആയിരത്തോളം ഭജനമഠങ്ങളിലാണ് ഇക്കുറി വിവിധ പ്രദേശങ്ങളില്‍നിന്നും ഭജനം പാര്‍ക്കാന്‍ ഭക്തര്‍ എത്തിയിരിക്കുന്നത്. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവി ചരിതം ഉള്‍ക്കൊള്ളുന്ന തോറ്റംപാട്ട് ഇന്ന് ആരംഭിക്കും.12 ദിവസവും ക്ഷേത്രവും പരിസരവും ദേവി മന്ത്രങ്ങളാല്‍ മുഖരിതമാകും.
ഭക്തര്‍ക്ക് സുഗമമായി ദേവി ദര്‍ശനം ലഭിക്കുന്നതിനായി പൊലിസ്, അഗ്നിര ക്ഷാസേന, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
ഉത്സവത്തോടനുബന്ധിച്ച് കാലാപരിപാടികള്‍, വിശേഷാല്‍ സമ്മേളനങ്ങള്‍, എതിരേല്‍പ്പ്, സര്‍പ്പബലി, പള്ളി വേട്ട, പൊങ്കാല,തിരുമുടി എഴുന്നള്ളത്തും നടക്കും.
കടലിനും കായലിനും മധ്യേ സ്ഥിതി ചെയ്യുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നായ കാട്ടില്‍ മേക്കതില്‍ ദേവി ക്ഷേത്രത്തില്‍ അഭൂത പൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്.