കുട്ടിക്കാനം: പുസ്തകവായന എളുപ്പമാക്കാനും ഭാഷയുടെ അതിരുകൾ കടന്ന് അറിവ് ലഭ്യമാക്കാനും കാഴ്ചപരിമിതിയുള്ളവർക്കും ഉപയോഗിക്കാവുന്ന ഉപകരണത്തിന്റെ രൂപകൽപനയ്ക്ക് യുകെ ഡിസൈൻ പേറ്റന്റിന്റെ അംഗീകാരം.
കുട്ടിക്കാനം മരിയൻ കോളജ് ഓട്ടോണമസിലെ അസിസ്റ്റന്റ് പ്രഫ. എ.ആർ. ഗിൽബർട്ടും സംഘവുമാണ് വിദ്യാർഥികളുടെ വായനയും പഠനവും കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ഉപകരണം വികസിപ്പിച്ചത്.
പുസ്തകങ്ങളിലെ ഉള്ളടക്കം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും കാഴ്ചപരിമിതിയുള്ളവർക്ക് വായനയിൽ സഹായമാകാനും ഇതിനു കഴിയുമെന്ന് എ.ആർ. ഗിൽബർട്ട് പറയുന്നു. സ്റ്റുഡന്റ് ഗൈഡൻസ് ആൻഡ് അക്കാദമിക് അച്ചീവ്മെന്റ് മോണിറ്ററിംഗ് കംപ്യൂട്ടർ ഡിവൈസ് എന്ന പേരിലുള്ള രൂപകൽപനയ്ക്കാണ് യുകെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫിസ് രജിസ്ട്രേഷൻ അനുവദിച്ചത്.
മരിയൻ കോളജിലെ കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം അധ്യാപകനായ ഗിൽബർട്ടിനൊപ്പം സിഎംഎസ് കോളജിലെ അസിസ്റ്റന്റ് പ്രഫ. പ്രിഷോ മറിയം പോൾ, ഏറ്റുമാനൂർ എസ്എംഎസ് കോളജിലെ ഡയറക്ടർ ഡോ. സൂര്യ കൊച്ചുമലയിൽ സുരേന്ദ്രൻ, ആലുവ സെന്റ് സേവ്യേഴ്സ് വനിതാ കോളജിലെ അസിസ്റ്റന്റ് പ്രഫസർമാരായ സോണിയ ജോൺ മാർക്കോസ്, ഡോ. സ്റ്റെല്ല കൂലിയത്ത് ആന്റണി എന്നിവരുമുണ്ട്.
ഇന്ത്യയിൽ വിവിധ പേറ്റന്റ് നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഗിൽബർട്ട്, കുറഞ്ഞ ചെലവിൽ ടെലിപ്രോംപ്റ്റർ നിർമിച്ചും ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ പേറ്റന്റ് നേടിയ ഈ ഉപകരണം മഹാത്മാഗാന്ധി സർവകലാശാലയിലും വിവിധ കോളജുകളിലും വാർത്താവായനയും അവതരണവും ഉൾപ്പടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. മരിയൻ കോളജിലെ മാധ്യമവിദ്യാർഥികളുടെ വാർത്താവായനാ പരിശീലനത്തിലും ഇത് പ്രയോജനപ്പെടുത്തുന്നു.
അധ്യാപനാനുഭവങ്ങളിൽനിന്ന് പ്രായോഗിക ആശയങ്ങൾ വികസിപ്പിച്ച് ഗവേഷണരംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനുള്ള ശ്രമത്തിലാണ് എ.ആർ. ഗിൽബർട്ട്.