ഓക്ലൻഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ന്യൂസിലൻഡിന് വീണ്ടും തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ഓപ്പണർ ഡെവോൺ കോൺവെ പരമ്പരയിൽനിന്ന് പുറത്തായി. നേരത്തെ പരിക്കിനെത്തുടർന്ന് രചിൻ രവീന്ദ്ര, മാർക്ക് ചാപ്മാൻ എന്നിവരും ഏകദിന പരമ്പരയിൽനിന്ന് പിന്മാറിയിരുന്നു.
ഇതിന് പിന്നാലെയാണ് കോൺവെയ്ക്കും പരിക്കേറ്റത്. ഫീൽഡിംഗ് പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ക്യാച്ച് പരിശീലിക്കുന്നതിനിടെ സഹതാരം മാറ്റ് ഹെൻറിയുമായി കൂട്ടിയിടിച്ച് കോൺവെ നിലത്തുവീഴുകയായിരുന്നു. വീഴ്ചയിൽ താരത്തിന്റെ തലയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
തുടർന്ന് കോൺവെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം സ്ഥിരീകരിച്ചു. ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ ബുധനാഴ്ച മുതലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.