റിയാദ്: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ അരാംകോ എണ്ണക്കന്പനിയുടെ ദഹ്റാനിലെ ഹെഡ്ക്വാട്ടേഴ്സിൽനിന്നു ജീവനക്കാരെ ഒഴിപ്പിച്ചു മാറ്റുന്നതായി റിപ്പോർട്ട്. സൗദി സർക്കാരോ അരാംകോയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ തയാറായില്ല.
എന്നാൽ, ജീവനക്കാർ ഓഫീസ് ഒഴിഞ്ഞ് ഓൺലൈൻ പോലുള്ള ഇതര മാർഗങ്ങളിൽ ജോലി ചെയ്യാൻ നിർദേശം നല്‍കിയെന്നാണു ചില വൃത്തങ്ങൾ പറഞ്ഞത്.
ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ അടുത്തകാലത്ത് സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ട് ആക്രമണം വർധിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച ദമാമിലെ വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.
ചെങ്കടൽ തീരത്ത് യാൻബുവിലുള്ള അരാംകോ കേന്ദ്രത്തിലും റിയാദിലെ സൗദി പ്രതിരോധമന്ത്രാലയത്തിലും ആക്രമണം നടത്തിയതായി ഹൂതികൾ വ്യാഴാഴ്ച അവകാശപ്പെട്ടിരുന്നു. എന്നാൽ, സൗദി ഇക്കാര്യം സ്ഥിരീകരിച്ചില്ല. അതേസമയം, റിയാദിനും പുണ്യനഗരമായ മദീനയ്ക്കും മുകളിൽ ഡ്രോണുകൾ വെടിവച്ചിട്ടതായി സൗദി പറഞ്ഞു.
ഈമാസം ആദ്യം ദഹ്റാനിലെ അരാംകോ ആസ്ഥാനത്ത് ഹൂതികൾ നടത്തിയ ആക്രമണത്തിൽ വലിയ നാശമുണ്ടായിരുന്നു. യെമനിൽ വ്യോമാക്രമണം നടത്തിയാണ് സൗദി തിരിച്ചടിച്ചത്. സൗദിയുടെ പിന്തുണയുള്ള യെമനിലെ ഔദ്യോഗിക ഭരണകൂടസേനയും ഹൂതികൾക്കെതിരേ യുദ്ധം തുടങ്ങിയിട്ടുണ്ട്.