ബംഗളൂരു: ഐപിഎല്ലിൽ തുടരുമോ എന്ന കാര്യത്തിൽ വ്യക്തതവരുത്താതെ ചെന്നൈ സൂപ്പർ കിംഗ്സ് താരം എം.എസ്.ധോണി. അടുത്ത സീസണിൽ കളിക്കുമോയെന്നതിൽ ഡിസംബറിന് മുൻപ് അന്തിമ തീരുമാനമെടുക്കുമെന്ന് ധോണി വ്യക്തമാക്കി. ബംഗളൂരുവിൽ നടന്ന സ്വകാര്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
പരിക്കിനെ തുടർന്ന് 2026ലെ ഐപിഎൽ സീസൺ പൂർണമായും നഷ്ടമായതോടെയാണ് ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ആദ്യം ചില പരിശോധനകൾക്ക് വിധേയനാകണമെന്നും ഡോക്ടർമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത സീസണിൽ കളിക്കാൻ കഴിയുമോയെന്ന് തീരുമാനിക്കുമെന്നും താരം വ്യക്തമാക്കി.
തന്റെ കായികക്ഷമതയെക്കുറിച്ചും ധോണി രസകരമായ പരാമർശം നടത്തി. താൻ പൂർണ കായികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ ഈ വിന്റേജ് വാഹനം റോഡിലിറക്കാൻ പ്രാപ്തമാണെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഡോക്ടർമാർക്കാണെന്നായിരുന്നു താരത്തിന്റെ തമാശരൂപത്തിലുള്ള പ്രതികരണം. ഇതോടെ എല്ലാ സമ്മർദവും ഇപ്പോൾ ഡോക്ടർമാർക്കാണെന്നും ചിരിച്ചുകൊണ്ട് ധോണി കൂട്ടിച്ചേർത്തു.