സൂററ്റ്: മാലിയിൽനിന്നു തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജനായ വജ്ര വ്യാപാരിയെ കുടുംബം 40 ലക്ഷം യൂറോ (ഏകദേശം 44 കോടി രൂപ) നൽകി മോചിപ്പിച്ചതായി റിപ്പോർട്ട്. ധീരു രമണിയെ (75) ആണ് ഏപ്രിൽ മാലിയിൽനിന്നു തട്ടിക്കൊണ്ടുപോയത്.
സംഘം ആദ്യം 100 കോടി രൂപയോളമാണ് ആവശ്യപ്പെട്ടതെന്നും അമേരിക്കയിൽ താമസിക്കുന്ന ധീരു രമണിയുടെ കുടുംബം ഇവരുമായി വിലപേശി 44 കോടി രൂപയ്ക്ക് മോചനം സാധ്യമാക്കുകയായിരുന്നെന്നും റിപ്പോർട്ട്.
അമേരിക്കയിൽ താമസിക്കുന്ന രമണി ഗുജറാത്തിലെ അമ്രേലി ജില്ലക്കാരനാണ്. സൂററ്റുമായി ബന്ധപ്പെട്ടാണ് വജ്ര വ്യാപാരം. മൂന്നുമാസങ്ങൾക്ക് മുന്പ് മാലിയിൽ സ്വർണഖനി ഏറ്റെടുത്ത രമണി ഇടയ്ക്ക് മാലി സന്ദർശിക്കുന്നതിനിടെയാണു സംഘം തട്ടിക്കൊണ്ടുപോയത്. മോചിപ്പിക്കപ്പെട്ടെങ്കിലും ഇപ്പോഴും അദ്ദേഹം മാലിയിലാണ് ഉള്ളതെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി.
മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തദ്ദേശീയ അധികൃതരുടെ ചോദ്യംചെയ്യലുകൾ നടന്നുവരികയാണ്. കുടുംബം നേരിട്ടാണ് മോചനത്തിായി ചരടുവലിച്ചതെന്നും ഇന്ത്യൻ സർക്കാർ ഏജൻസികൾക്കൊന്നും ഇതിൽ പങ്കില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.