സൂറിച്ച്: പുരുഷ ജാവലിന്‍ ത്രോയില്‍ തരംഗമായി ശ്രീലങ്കയുടെ റുമേഷ് തരംഗ. 2026 സീസണില്‍ തുടര്‍ച്ചയായ നാലാം ഡയമണ്ട് ലീഗിലും റുമോഷ് ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
സൂറിച്ച് ഡയമണ്ട് ലീഗില്‍ 92.07 മീറ്റര്‍ ക്ലിയര്‍ ചെയ്ത് ഒന്നാം സ്ഥാനം സ്വന്തമാക്കിയതോടെയാണിത്. സീസണില്‍ അഞ്ച് ഡയമണ്ട് ലീഗില്‍ മാത്രമാണ് ജാവലിന്‍ത്രോ അരങ്ങേറുന്നതെന്നതാണു ശ്രദ്ധേയം. സീസണില്‍ രണ്ടാം തവണയാണ് ശ്രീലങ്കന്‍ താരം 92 മീറ്ററിനു മുകളില്‍ ജാവലിന്‍ പായിക്കുന്നത്.
റോം ഡയമണ്ട് ലീഗില്‍ റുമേഷ് എറിഞ്ഞ 92.62 മീറ്ററാണ് പുരുഷ ജാവലിന്‍ ത്രോയില്‍ സീസണിലെ മികച്ച ദൂരം. ഈ വര്‍ഷം നടന്ന 12 ജാവലിന്‍ ത്രോ പോരാട്ടങ്ങളില്‍ 11ലും ഈ ഇരുപത്തിമൂന്നുകാരന് ജേതാവായി.