കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെയുള്പ്പെടെ വരുമാനം കൃത്യമായി ഓഡിറ്റ് ചെയ്യാന്‍ കെ സ്മാര്‍ട്ട് മാതൃകയിലുള്ള ഡിജിറ്റല്‍ സംവിധാനം ഒരുക്കുന്നതില്‍ വിശദീകരണം ആവശ്യപ്പെട്ടു ഹൈക്കോടതി.
സോഫ്റ്റ്വേര്‍ സജ്ജമാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ ചുമതലപ്പെടുത്തുന്ന കാര്യത്തില്‍ പത്തു ദിവസത്തിനകം നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടും ബോര്‍ഡിനോടും ജസ്റ്റീസുമാരായ വി. രാജവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
സമഗ്ര സോഫ്റ്റ്വേര്‍ വികസിപ്പിക്കുന്നതിനുള്ള സമയക്രമം കണ്‍സള്‍ട്ടന്‍സിയായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കോടതിയെ അറിയിച്ചിരുന്നു. ഡോക്യുമെന്റേഷനും മൊഡ്യൂളുകളും തയാറാക്കാന്‍ ആറു മാസവും സോഫ്റ്റ്വേര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ രണ്ടു വര്‍ഷവും വേണമെന്നാണ് സൂചിപ്പിച്ചത്.
ഡോക്യുമെന്റേഷനുശേഷം ടെന്‍ഡര്‍ വേണ്ടിവരും. അതേസമയം, ടെന്‍ഡറിലേക്കു പോകാതെ സര്‍ക്കാര്‍സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷനെ ഏല്‍പ്പിച്ചാല്‍ ഡോക്യുമെന്റേഷനൊപ്പംതന്നെ സോഫ്റ്റ്വേര്‍ വികസനവും മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും സമയനഷ്ടം കുറയ്ക്കാമെന്നും ചൂണ്ടിക്കാട്ടി.