ടൊവിനോ തോമസും പ്രമുഖ സംവിധായകൻ ഡിജോ ജോസ് ആന്റണിയും ആദ്യമായി ഒന്നിക്കുന്ന 'പള്ളിച്ചട്ടമ്പി'യുടെ ട്രെയ്ലർ പുറത്തിറങ്ങിയതോടെ സിനിമാ പ്രേമികൾ വലിയ ആവേശത്തിലാണ്. ഈസ്റ്റർ ദിനത്തിൽ കൃത്യം 11.11-ന് പുറത്തുവിട്ട ട്രെയ്ലർ, 1950-60 കാലഘട്ടത്തിലെ കേരളത്തിന്റെ ഹൈറേഞ്ച് പശ്ചാത്തലത്തിലുള്ള കുടിയേറ്റ കർഷകരുടെ ജീവിതവും പോരാട്ടവുമാണ് പ്രമേയമാക്കുന്നത്.
അക്കാലത്തെ സാമൂഹിക പശ്ചാത്തലവും പോലീസ് അതിക്രമങ്ങളും പ്രതിരോധവുമെല്ലാം ഉൾക്കൊള്ളുന്ന ഒരു കംപ്ലീറ്റ് പീരീഡ് ആക്ഷൻ ഡ്രാമയായിരിക്കും പള്ളിച്ചട്ടമ്പിയെന്ന് ട്രെയ്ലർ വ്യക്തമായ സൂചന നൽകുന്നു. ഏപ്രിൽ 10 -ന് അഞ്ചു ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് ചിത്രം പ്രദർശനത്തിനെത്തും.
വേൾഡ് വൈഡ് ഫിലിംസിന്റെയും സി ക്യൂബ് ബ്രോ എന്റർടെയിൻമെന്റ്സിന്റെയും ബാനറിൽ നൗഫൽ, ബ്രിജീഷ്, ചരൺ, ചാണുക്യ, ചൈതന്യ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടി. എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയും ഡിജോ ജോസ് ആന്റണിയുടെ മേക്കിംഗ് ശൈലിയും ടൊവിനോ തോമസിന്റെ ആക്ഷനും ചേരുമ്പോൾ ചിത്രം ഒരു ദൃശ്യവിരുന്നാകുമെന്ന് ഉറപ്പാണ്.
ജേക്ക്സ് ബിജോയ് സംഗീതം നിർവ്വഹിച്ച ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം തന്നെ ഡിജിറ്റൽ ലോകത്ത് വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. വിശാൽ മിശ്രയും ആവണി മൽഹാറും ചേർന്ന് പാടിയ ‘കാട്ടുച്ചെമ്പകം’ എന്ന ഗാനം 15 മില്ല്യണിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്. അതിനു പിന്നാലെ പുറത്തിറങ്ങിയ 'മാവീരാ..' എന്ന ഗാനവും സംഗീത പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
സൗത്ത് ഇന്ത്യൻ താരം കയാദു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, ടി. ജി. രവി, സുധീർ കരമന, ബാബുരാജ്, സിദ്ദിഖ്, ജോണി ആന്റണി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ടിജോ ടോമിയുടെ ഛായാഗ്രഹണവും സ്രീജിത്ത് സാരംഗിന്റെ എഡിറ്റിംഗും 1950-കളിലെ കേരളത്തെ സ്ക്രീനിലെത്തിക്കാൻ സഹായിച്ചിട്ടുണ്ട്.
മേഘശ്യാമും തൻസീറും സഹനിർമ്മാതാക്കളായ ചിത്രത്തിൽ മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ, ആർട്ട് ഡയറക്ടർ ദിലീപ് നാഥ് എന്നിവരടങ്ങുന്ന സാങ്കേതിക നിരയാണ് ഈ ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
വിഷു റിലീസായി എത്തുന്ന പള്ളിച്ചട്ടമ്പി ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.