സിംഗപ്പൂരിലെ പ്രമുഖ ഭക്ഷണശാലയായ ഡി.കെ സിഗ്നേച്ചേഴ്സിൽ ഭക്ഷണം കഴിക്കാനെത്തിയ വ്യക്തിയുടെ പെരുമാറ്റമാണ് ഓൺലൈൻ ലോകത്ത് വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
തൊട്ടടുത്ത് പ്രത്യേക ഹാൻഡ്വാഷ് സൗകര്യവും ടോയ്ലറ്റും ഉണ്ടായിരുന്നിട്ടും, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മേശയ്ക്ക് തൊട്ടരികിൽ വെച്ചുതന്നെ ഇയാൾ കൈ കഴുകുകയായിരുന്നു.
റസ്റ്റോറന്റ് അധികൃതർ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട ദൃശ്യങ്ങളിൽ, പാത്രത്തിൽ നിന്നുള്ള വെള്ളമെടുത്ത് ഇയാൾ കൈകഴുകുന്നതും ആ വെള്ളം മുഴുവൻ നിലത്തേക്ക് ഒഴുകിപ്പരക്കുന്നതും വ്യക്തമായി കാണാം. ഈ സമയമത്രയും ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ ചുറ്റും നടക്കുന്നത് ശ്രദ്ധിക്കാതെ ശാന്തമായി ഭക്ഷണം കഴിക്കുന്നത് തുടരുകയായിരുന്നു.
നിലത്ത് വെള്ളം പടർന്നത് കണ്ട ജീവനക്കാരൻ ഉടൻതന്നെ മോപ്പുമായി എത്തി സ്ഥലം വൃത്തിയാക്കാൻ തുടങ്ങിയെങ്കിലും, തങ്ങൾ കാരണം ബുദ്ധിമുട്ടുണ്ടായ ജീവനക്കാരനെ അല്പം പോലും ശ്രദ്ധിക്കാനോ സഹാനുഭൂതി കാണിക്കാനോ ഉപഭോക്താക്കൾ തയ്യാറായില്ല.
ശുചിത്വത്തെക്കുറിച്ചും പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദകളെക്കുറിച്ചും സർവീസ് ജീവനക്കാരോട് കാണിക്കേണ്ട ആദരവിനെക്കുറിച്ചും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വീഡിയോയ്ക്ക് താഴെ ഉയർന്നുവരുന്നത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ റസ്റ്റോറന്റ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. ചെമ്മീൻ നൂഡിൽസും മറ്റ് സീഫുഡ് വിഭവങ്ങളും കൈകൊണ്ട് കഴിക്കുന്നതാണ് രീതി എന്നതിനാൽ ഉപഭോക്താക്കൾക്ക് കൈ കഴുകേണ്ടി വരുന്നത് സ്വാഭാവികമാണെന്ന് സ്ഥാപനം വ്യക്തമാക്കി.
എന്നാൽ പ്രവേശന കവാടത്തിന് സമീപം സോപ്പും ടിഷ്യൂവും അടങ്ങിയ ഹാൻഡ്വാഷ് ഏരിയയും പിൻഭാഗത്ത് ടോയ്ലറ്റ് സൗകര്യവും പ്രത്യേകം ഒരുക്കിയിട്ടുള്ളപ്പോൾ ഡൈനിംഗ് ടേബിൾ കൈ കഴുകാൻ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.
നിലത്ത് വെള്ളമൊഴിക്കുന്നത് ശുചിത്വപ്രശ്നങ്ങൾക്കും ആളുകൾ വഴുതിവീഴുന്ന അപകടങ്ങൾക്കും വഴിതെളിക്കുമെന്നും തിരക്കിട്ട് ജോലി ചെയ്യുന്ന ജീവനക്കാർക്ക് അത് അധിക ജോലിഭാരം സൃഷ്ടിക്കുമെന്നും റസ്റ്റോറന്റ് ചൂണ്ടിക്കാട്ടി.