നമ്മുടെ ദേശീയ, സംസ്ഥാന വിദ്യാഭാസ രംഗങ്ങൾ പല കാരണങ്ങളാൽ ഇന്ന് അതീവ മാധ്യമശ്രദ്ധ നേടുന്ന സമയമാണല്ലോ. ദേശീയ തലത്തിൽ പ്രധാനമായും ചോദ്യപേപ്പർ ചോർച്ചയും പരീക്ഷ നടത്തിപ്പിലെ മറ്റു കുറവുകളുമാണു ചർച്ചയായിരിക്കുന്നതും വലിയ രാഷ്ട്രീയ മാനം കൈവരിച്ചിരിക്കുന്നതും. അതിനു മുമ്പുതന്നെ ദേശീയ വിദ്യാഭാസ പദ്ധതി 2020, ദേശീയ പാഠ്യപദ്ധതി 2023, പിന്നീട് നാലു വർഷ ഡിഗ്രി പ്രോഗ്രാം എന്നിവയും വലിയ ചർച്ചയായിരുന്നു. കേരളത്തിലാകട്ടെ സ്കൂൾതലത്തിലുള്ള പാഠ്യപദ്ധതി കുറേനാളായി തർക്കവിഷയമാണ്. സ്കൂൾതലത്തിലുള്ള പിഎം ശ്രീ പദ്ധതിയാണ് ഇപ്പോൾ മറ്റൊരു വിവാദം.
തിടുക്കത്തിലെ പരിഷ്കാരം
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും സുരക്ഷിതമായ ഡിജിറ്റൽ സംവിധാനങ്ങൾ ഉറപ്പുവരുത്താതെയും തിടുക്കത്തിൽ നാലു വർഷ ഡിഗ്രി പ്രോഗ്രാം നടപ്പാക്കിയത് വിദ്യാർഥികളെ സാമ്പത്തിക ചൂഷണത്തിലേക്കും അക്കാദമികരംഗത്തെ സുതാര്യതയില്ലായ്മയിലേക്കും അഴിമതിയിലേക്കും നയിക്കുന്നു എന്നു പരാതി ഉയർന്നുതുടങ്ങി. അതുപോലെ ആദ്യത്തെ നാലു വർഷ ഡിഗ്രി ബാച്ച് കഴിയാറായി, എന്നാൽ അവരുടെ ബിരുദാനന്തര ബിരുദ പഠനം ഒരു വർഷമാണോ, അതെങ്ങനെ നടത്തും എന്ന് ഇതുവരെ തീരുമാനമായില്ല. കേരളത്തിനു പുറത്തുള്ള യൂണിവേഴ്സിറ്റികൾ ഇതിൽ തീരുമാനമെടുത്തു എന്നും വാർത്തകൾ വരുന്നു.
അനിശ്ചിതത്വം തുടരുന്നു
നാലു വർഷ ഡിഗ്രി കഴിഞ്ഞ് ഒരു വർഷംകൂടി പഠിച്ചാൽ ബിരുദാനന്തര ബിരുദം കിട്ടുമെന്നാണ്. അതേപോലെതന്നെ രണ്ടു വർഷ ബിരുദാനന്തര കോഴ്സുകളും നിലനിർത്തും എന്നാണ് അറിയുന്നത്. എന്നാൽ, ബിരുദാനന്തര ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള, അധ്യാപനം പോലുള്ള ജോലിക്ക് ഇതിൽ ഏതായിരിക്കും അംഗീകരിക്കുക എന്നുള്ളതിനെക്കുറിച്ചു വ്യക്തത വേണം. രണ്ടും അംഗീകരിക്കുമോ? നിയമനങ്ങൾ അംഗീകരിക്കുന്ന യൂണിവേഴ്സിറ്റി, ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ പിറകെ ഓടേണ്ട ഗതികേടിൽനിന്ന് ഉദ്യോഗാർഥികളെ മുൻകൂട്ടി രക്ഷിക്കേണ്ടതുണ്ട്.
ഇങ്ങനെ നോക്കുമ്പോൾ ദേശീയ-സംസ്ഥാന തലങ്ങളിൽ പൊതുവിദ്യാഭ്യാസവും യൂണിവേഴ്സിറ്റി തല വിദ്യാഭ്യാസവും അനേകം മാറ്റങ്ങളിൽകൂടി കടന്നുപോകുകയാണ്. ഈ മാറ്റങ്ങളെല്ലാംതന്നെ ഈ മേഖലയെ മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഉത്തരവാദപ്പെട്ടവർ മുന്നോട്ടുവച്ചിരിക്കുന്നത്. പക്ഷേ, അതെല്ലാം ഫലവത്താകുന്നുണ്ടോ, അതോ ഈ രംഗം കുറച്ചുകൂടെ മോശമായോ എന്നൊക്കെ പരക്കെ ഈ രംഗത്തുള്ളവരും പൊതുസമൂഹവും ആശങ്കപ്പെടുന്നു.
വിദേശ മാതൃകകൾ
അഭിപ്രായ ഐക്യത്തോടുകൂടി, വേണ്ട തയാറെടുപ്പോടെ, രാഷ്ട്രീയ ലാഭേച്ഛയില്ലാതെ, ചേരിതിരിവില്ലാതെ, സത്യസന്ധമായി, ഫലപ്രദമായി, വിദ്യാർഥികളുടെയും രാജ്യത്തിന്റെയും ഭാവിയെക്കരുതി മാത്രം ഇത്തരം പരിഷ്കാരങ്ങൾ ഈ അത്യന്താധുനിക കാലഘട്ടത്തിലും നമുക്കു നടത്താൻ സാധിക്കുന്നില്ല എന്നുള്ളത് നമ്മുടെ രാഷ്ട്രീയത്തിന്റെ വലിയ വീഴ്ചയാണ്. അതിന്റെ പ്രധാന പ്രതിഫലനമാണല്ലോ നമ്മുടെ വിദ്യാർഥികൾ വിദേശത്തേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും പഠിക്കാനും, പിന്നീട് അവിടെത്തന്നെ ജോലിക്കായും തുടരേണ്ടിവരുന്നത്. ഒരു കണക്കനുസരിച്ച്, 2014ൽ 1.84 ലക്ഷം വിദ്യാർഥികൾ വിദേശത്തു പോയെങ്കിൽ, 2023ൽ അത് 9.08 ലക്ഷമായി ഉയർന്നു. ഇതിനു പല കാരണങ്ങൾ ഉണ്ടെങ്കിലും ഒരു പ്രധാന കാരണം ഈ രംഗത്തു നിലനിൽക്കുന്ന ആശങ്കകൾതന്നെയാണ്. ഇത് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ മനോവീര്യവും നഷ്ടപ്പെടുത്തുന്നുണ്ട്.
രാഷ്ട്രീയ ചേരിതിരിവിനോടൊപ്പംതന്നെ പ്രധാനമാണ്, ഈ രംഗത്തു വരുത്തിയിട്ടുള്ള പരിഷ്കാരങ്ങൾ പലപ്പോഴും അതിവേഗത്തിലും വൈദേശിക അനുകരണഭ്രമത്തിലും, ഏതാണ്ട് ഒരു പരിഭ്രാന്തിയോടെയും നടപ്പാക്കി എന്നുള്ളത്. ഈ പല പരിഷ്കരണങ്ങളും താരതമ്യേന ചെറിയ വികസിത, സമ്പന്ന രാജ്യങ്ങളിൽ, അധ്യാപക-വിദ്യാർഥി അനുപാതം വളരെ കുറഞ്ഞ സാഹചര്യത്തിൽ, പരസ്പരവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, അഭിപ്രായ ഐക്യത്തിൽ നടപ്പാക്കി വിജയിച്ചിട്ടുള്ളതാണ്. നമ്മെപ്പോലെ ബൃഹത്തായ സംവിധാനത്തിന് ഇത് പൂർണമായും യോജിക്കുമോ എന്ന് പലപ്പോഴും ആലോചിച്ചിട്ടില്ല.
നമ്മുടെ സാഹചര്യം
ഉദാഹരണത്തിന്, ഇന്റേണൽ മാർക്ക് സംവിധാനവും തുടർ മൂല്യനിർണയവും അധ്യാപക-വിദ്യാർഥി അനുപാതം വളരെ കുറവും ഉയർന്ന അക്കാദമിക സത്യസന്ധതയും ഉണ്ടെങ്കിലേ വിജയിക്കൂ. അല്ലെങ്കിൽ വിപരീത ഫലമേ ഉണ്ടാകൂ. അതുപോലെ പ്രധാനമാണ് അത്തരം രാജ്യങ്ങളിലെ പ്രബോധന രീതി.
വിദ്യാർഥികളെ പൂർണമായും പങ്കെടുപ്പിച്ച്, പഠനത്തിന്റെ ഉത്തരവാദിത്വം പ്രധാനമായും അവർക്കു നൽകുന്ന വിദ്യാർഥി കേന്ദ്രീകൃത രീതിയാണത്. ലെക്ചർ അതിന്റെ ഒരു ഭാഗം മാത്രമാണ്. നമുക്ക് അതിന്റെ ബാഹ്യ പരിഷ്കാരങ്ങൾ അവിടെനിന്നു കൊണ്ടുവരാം, എന്നാൽ സാമൂതിരി രാജാവ് പറഞ്ഞതുപോലെ, അവരുടെ വിദ്യാഭ്യാസ സംസ്കാരമാകുന്ന "ഞാറ്റുവേല' കൊണ്ടുവരാൻ നമുക്കു സാധിക്കില്ലല്ലോ. നമ്മുടെ ഞാറ്റുവേലയാകട്ടെ വിളയിക്കുന്നത് കടുത്ത കക്ഷി രാഷ്ട്രീയ മത്സരവും വിദ്വേഷവും വിസിമാരുടെ പ്രതീകാത്മകമായ "സംസ്കാരവും' പ്രിൻസിപ്പൽമാരുടെ കുഴിമാട മാതൃകയിലുള്ള ആർട്ട് ഇൻസ്റ്റല്ലേഷനും ഒക്കെയാണ്.
അങ്ങനെ നമ്മുടെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. കേരളത്തിലെതന്നെ കോളജ് വിദ്യാഭാസരംഗത്തു വരുത്തിയ ക്രെഡിറ്റ്, സെമസ്റ്റർ സിസ്റ്റം, ഗ്രേഡിംഗ് സമ്പ്രദായം, ഒട്ടോണമസ് കോളജുകൾ തുടങ്ങി മിക്ക പരിഷ്കാരങ്ങളുടെയും സ്ഥിതി മേൽ സൂചിപ്പിച്ചതുതന്നെ. ഇടതു-വലതു മുന്നണികൾ എല്ലാക്കാലത്തെയുംപോലെ ഇക്കാര്യത്തിലും വിയോജിപ്പിലായിരുന്നു. കൂടാതെ, ഇതൊക്കെ ഒഴിച്ചുകൂടാനാകാത്തതാണോ, ഇതുകൊണ്ട് ഉദ്ദേശിക്കുന്ന ഗുണനിലവാരം ഉണ്ടാകുമോ എന്നൊന്നും കാര്യമായി ഗൃഹപാഠം ചെയ്തോ എന്നു സംശയമുണ്ട്.
ഉദാഹരണത്തിന്, സെമസ്റ്റർ സംവിധാനം, വാർഷിക അടിസ്ഥാനത്തിൽ, മൂന്നു ടേമുകളായി നടത്തിപ്പോന്നിരുന്ന നമ്മുടെ രീതിയെക്കാൾ മെച്ചമാണോ എന്നു കാര്യമായി ചിന്തിച്ചില്ല. യൂറോപ്പിലെയും അമേരിക്കയിലെയും മറ്റും കാലാവസ്ഥപോലും സെമസ്റ്റർ സംവിധാനത്തിനു യോജിച്ചതാണ്. നമ്മുടെ കാലാവസ്ഥയ്ക്കനുസരിച്ചായിരിക്കണം നമ്മൾ വാർഷികപരീക്ഷാ രീതിയും രണ്ടു മാസത്തെ വേനലവധിയും പിന്തുടർന്നത്. പരീക്ഷ സംബന്ധിച്ച ജോലികൾക്ക് അധ്യാപകർക്കും യൂണിവേഴ്സിറ്റിക്കും സമയം കിട്ടിയിരുന്നു, കുട്ടികൾക്കും ആവശ്യത്തിന് അവധിയുണ്ടായിരുന്നു.
നമ്മൾ വിദേശത്തുനിന്നു സ്വീകരിച്ച സെമസ്റ്റർ സംവിധാനം അവിടെ എല്ലായിടത്തും ഇല്ല എന്നുള്ളതും രസകരമാണ്. ഈയിടെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ പോയപ്പോൾ മനസിലായത്, അവർ മൂന്നു ടേമുകളിലായാണ് അധ്യയനവർഷം നടത്തുന്നത്. അതായത്, എട്ട് ആഴ്ചകൾ വീതമുള്ള മൂന്നു തീവ്രമായ ടേമുകളായി തിരിച്ചിരിക്കുന്നു. അവിടെ സെമസ്റ്റർ സംവിധാനം ഇല്ലെന്നു ചുരുക്കം. അതുപോലെ നാല്പതോളം കോളജുകളടങ്ങുന്ന അഫിലിയേറ്റിംഗ് സംവിധാനമാണ് അവർ ഇന്നും പിന്തുടരുന്നത്. പരീക്ഷകൾ പൊതുവായാണു നടത്തുന്നത്.
പരീക്ഷകൾക്കു മാത്രമായി വിപുലമായ സംവിധാനമുള്ള ഓഫീസ് സന്ദർശിക്കാനും ഇടയായി. മുഴുവനായി ഓട്ടോണമസ് കോളജുകളല്ലെന്നു ചുരുക്കം. ലോകറാങ്കിംഗിൽ കഴിഞ്ഞ പത്തു വർഷമായി ഓക്സ്ഫഡാണ് ഒന്നാം സ്ഥാനത്ത് എന്നും ഓർക്കണം. കേംബ്രിജ് യൂണിവേഴ്സിറ്റിയും ഇതുപോലെയാണ് പ്രവർത്തിക്കുന്നത്. ഇത് പാഠ്യപദ്ധതി നിശ്ചയിക്കുകയും വലിയ ക്ലാസുകൾ (ലക്ചറുകൾ) സംഘടിപ്പിക്കുകയും കേന്ദ്രീകൃത പരീക്ഷകൾ നടത്തുകയും ഔദ്യോഗികമായി ബിരുദം നൽകുകയും ചെയ്യുന്നു. അപ്പോൾ പരിഷ്കാരങ്ങൾ മാത്രമല്ല, ഗുണനിലവാരം കൂട്ടാൻ വേണ്ടത് എന്നു വ്യക്തമാണ്.
അധ്യാപകർ എവിടെ?
കേരളത്തിലാകട്ടെ സെമസ്റ്റർ സംവിധാനം വന്നതിനുശേഷം പരീക്ഷകൾ മാത്രമേയുള്ളൂ, പഠിക്കാനോ പഠിപ്പിക്കാനോ സമയമില്ലെന്ന പരാതിയാണ് പൊതുവേ കോളജുകളിൽനിന്നു കേൾക്കുന്നത്. ഉദാഹരണത്തിന് ബിരുദാനന്തര കോഴ്സിന് വാർഷിക അടിസ്ഥാനത്തിൽ 10 പേപ്പറുകൾ പഠിക്കുന്നിടത്ത് ഇപ്പോൾ സെമസ്റ്റർ അടിസ്ഥാനത്തിൽ 20 പേപ്പറുകൾ പഠിക്കണം. പക്ഷേ, അധ്യാപക തസ്തികകൾ വെട്ടിക്കുറച്ചു, പിജി വെയ്റ്റേജ് ഇല്ലാതാക്കി, ഗസ്റ്റ് അധ്യാപകരുടെ എണ്ണം വർധിച്ചു, ഉള്ള അധ്യാപകരുടെ അംഗീകാരവും ശമ്പളവും വൈകുന്നതു സാധാരണമായി.
ഓട്ടോണമസ് സംവിധാനത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി ചെയ്തിരുന്ന ജോലികൾ അധികഭാരമായി കോളജുകളിലെത്തി. ഫലത്തിൽ രണ്ടു പരിഷ്കാരങ്ങളും ഉദ്ദേശിച്ച ഗുണം ചെയ്തില്ല. ഇത്തരം പരിഷ്കാരങ്ങൾക്ക് അവശ്യം വേണ്ടത് മനുഷ്യവിഭവവും സാമ്പത്തിക പിന്തുണയുമാണ്. എന്നാൽ, ഉള്ളതുകൂടി പിൻവലിച്ചുകൊണ്ടാണ് ഗവൺമെന്റ് ഇവ നടപ്പാക്കിയത്.
മറ്റു പരിഷ്കാരങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. നാലു വർഷ ഡിഗ്രി പ്രോഗ്രാമും മുമ്പു സൂചിപ്പിച്ച പരിമിതികളാൽ ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്തു പരിഷ്കാരം നടത്തിയാലും, ഗവൺമെന്റിന് അധികബാധ്യത പാടില്ല എന്നാണ് പ്രമാണം. പിന്നെങ്ങനെ പരിഷ്കാരങ്ങൾ സാധിക്കും? വലിയ പരിഷ്കാരങ്ങളൊന്നും പദ്ധതിയിടാഞ്ഞ കാലഘട്ടത്തിൽ, 2013-14ൽ കേന്ദ്രത്തിന്റെ വിദ്യാഭ്യാസത്തിനുള്ള ജിഡിപി വിഹിതം 4.3 ശതമാനമായിരുന്നു. വലിയ പരിഷ്കാരങ്ങൾ മുമ്പോട്ടു വയ്ക്കുന്ന 2025-26ൽ കേന്ദ്രവിഹിതം 4.1 ശതമാനം മാത്രമാണ്. കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വിദ്യാഭ്യാസ വിഹിതം 2016-17ൽ മൊത്തം ബജറ്റിന്റെ 15.9 ശതമാനമായിരുന്നെങ്കിൽ 2025-26ൽ 14.1% ശതമാനം മാത്രമാണ്. കേന്ദ്ര, കേരളം ഗവൺമെന്റുകളുടെ വിദ്യാഭ്യാസ പരിഷ്കാരത്തോടുള്ള ആത്മാർഥത ഇതിൽ വ്യക്തമാണ്.
ദിശാബോധം വേണം
എന്തായാലും, സാമാന്യം മെച്ചപ്പെട്ട രീതിയിൽ സമാധാനപരമായി, ഫലപ്രദമായി നടന്നുകൊണ്ടിരുന്ന സ്കൂൾ, കോളജ് തലങ്ങളിലേക്കാണ് ഈ പലവിധ പരിഷ്കാരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചത് എന്നോർക്കണം. അതിനൊരു കാരണം, എന്തൊക്കെയോ വലിയ മാറ്റങ്ങൾ ശാസ്ത്ര-സാങ്കേതിക രംഗത്തു വരുന്നു എന്നുള്ള പരിഭ്രാന്തിയിലും നമ്മളും മാറിയേ തീരൂ എന്നുള്ള വലിയ ആശങ്കയിലും ആത്മവിശ്വാസക്കുറവിലുമാണ് മാറ്റങ്ങൾ പലതും കൊണ്ടുവന്നത്.
മറ്റൊന്ന്, ആഗോളവത്കരണകാലത്തിന്റെ ആവശ്യകതകൊണ്ടാണ് ഈ വിദേശ മാതൃകകൾ സ്വീകരിക്കുന്നത് എന്നാണ്. എന്നാൽ, ലോകം ഇപ്പോൾ ആഗോളവത്കരണത്തെക്കുറിച്ചു സംസാരിക്കുന്നത് നിർത്തിയിരിക്കുന്നു എന്ന് പ്രധാനമന്ത്രിതന്നെ പറയാൻ തുടങ്ങി. അതുകൊണ്ട് നിലനിന്നതിനെ വേണ്ടവണ്ണം മനസിലാക്കാതെ ഉപേക്ഷിക്കേണ്ടിവന്നു എന്നു കാണാം. മാത്യു അർനോൾഡ് എന്ന എഴുത്തുകാരൻ പറഞ്ഞതുപോലെ “രണ്ടു ലോകങ്ങൾക്കിടയിൽ അലയുന്നു ഞാൻ, ഒന്ന് മരിച്ചുപോയത്, മറ്റൊന്ന് പിറവിയെടുക്കാൻ ശേഷിയില്ലാത്തത്,” എന്ന ഗതിയാണ് അധ്യാപകർക്കും വിദ്യാർഥികൾക്കും ഈ മേഖലയുമായി ബന്ധപ്പെട്ട പലർക്കും.
(തുടരും)