ആലുവ: മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വില്പന തടയാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകി.
ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ നൽകിയ പരാതിയിലാണ് തുടർനടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധനകൾക്കായി പ്രത്യേക സംഘം രൂപീകരിച്ച് ഇത്തരം ക്രീമുകളുടെ വിതരണവും വില്പനയും തടയണമെന്നാണു പരാതിയിലെ പ്രധാന ആവശ്യം. കടകൾ കേന്ദ്രീകരിച്ചും ഓൺലൈൻ മുഖേനയും മെർക്കുറി കലർന്ന സൗന്ദര്യവർധക വസ്തുക്കളുടെ വില്പന സംസ്ഥാനത്തു വ്യാപകമാകുകയാണ്.
മെർക്കുറി അടങ്ങിയ ഫേസ് ക്രീം ഒരു വർഷത്തോളം ഉപയോഗിച്ച മലപ്പുറത്തെ 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ അംഗീകൃത ലാബിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ അപകടകരമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു.